കുടുംബ പ്രാരാബ്ദങ്ങള്‍ വിവരിച്ച് കരുണ കാണിക്കണമെന്ന് ആവശ്യപ്പെട്ട് കെവിന്‍ വധക്കേസ് പ്രതികള്‍; കോടതിയില്‍ നാടകീയമായ രംഗങ്ങള്‍

കോട്ടയം: കെവിന്‍ വധക്കേസില്‍ നാടകീയമായ രംഗങ്ങള്‍ക്കാണ് ഇന്ന് കോടതി സാക്ഷ്യം വഹിച്ചത്. കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതികള്‍ക്ക് എന്തെങ്കിലും പറയുവാനുണ്ടോയെന്ന് കോടതി തിരക്കി. മുഖ്യപ്രതി ഷാനു ചാക്കോ പറയുവാനുള്ള കാര്യങ്ങള്‍ എഴുതി നല്‍കി.

കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്ത് പ്രതികളില്‍ എട്ട് പേരും കുടുംബ പ്രാരാബ്ദങ്ങള്‍ വിവരിച്ച് കരുണ കാണിക്കാണമെന്ന് കോടതിയോട് പറഞ്ഞു. റിയാസ്, നിഷാദ്, ടിറ്റു ജെറോം, ഷാനു ഷാജഹാന്‍ എന്നിവര്‍ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു.

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കരുതെന്ന വാദം പ്രതിഭാഗം അഭിഭാഷകന്‍ ഉന്നയിച്ചപ്പോള്‍ ദുരഭിമാനക്കൊലയെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കേണ്ടി വരില്ലേയെന്ന് കോടതി ചോദിച്ചു.

ഇതോടെ വധശിക്ഷ ഒഴിവാക്കി, കുറഞ്ഞ ശിക്ഷകള്‍ നല്‍കണമെന്ന ആവശ്യമാണ് അഭിഭാഷകര്‍ ഉന്നയിച്ചത്. കെവിന്റേത് കൊലപാതകമല്ലെന്നും മുങ്ങിമരണമാണെന്ന വാദവും പ്രതിഭാഗം ഉയത്തി.

അതിനു ശേഷം നടന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ ദുരഭിമാന കൊല പ്രത്യേക കേസായാണ് സുപ്രീംകോടതി കാണുന്നതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും, അല്ലാത്ത പക്ഷം വ്യത്യസ്ത കുറ്റകൃത്യങ്ങളില്‍ പ്രത്യേകമായി ശിക്ഷകള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ പ്രതികളില്‍നിന്ന് പിഴയീടാക്കി അനീഷിനും നീനുവിനും കെവിന്റെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കണമെന്നും കോടതിയില്‍ പറഞ്ഞു.

അതേസമയം, ശിക്ഷ ഇളവു ചെയ്യാനുള്ള തന്ത്രമാണ് പ്രതികള്‍ കോടതി മുറിയില്‍ പയറ്റിയതെന്ന് കെവിന്റെ പിതാവ് ജോസഫ് ആരോപിച്ചു.

ഇരുപക്ഷത്തെയും വാദം കേട്ട കോടതി ഓഗസ്റ്റ് 27 ന് ശിക്ഷാ വിധി പ്രഖ്യാപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here