കാശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ  യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്ഗ്രസ് മുന്‍ ആധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെയാണ് സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി തടഞ്ഞത്.

തരിഗാമി, ഒമര്‍ അബ്ദുള്ള, തുടങ്ങിയ നേതാക്കള്‍ ഇപ്പോഴും കരുതല്‍ തടങ്കലില്‍ തന്നെയാണ്. തരിഗാമിയെ കാണാനില്ലെന്ന് കാണിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രിംകോടതിയെ സമീപിച്ചു.

കശ്മീരില്‍ സമാധാനപരമായ അന്തരീക്ഷമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ക്കിടയിലാണ് കശ്മീര്‍ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തീരുമാനിച്ചത്. സമാധാനപരമായ സാഹചര്യമാണെങ്കില്‍ പ്രമുഖ നേതാക്കളെ എല്ലാം കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളോടും പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.

ഇന്ന് ഉച്ചയോടെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ടി രാജ, കോണ്ഗ്രസ് മുന്‍ ആദ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ സംഘത്തെ തടയുകയും ദില്ലിക്ക് തിരിച്ചു അയക്കുകയും ചെയ്തു.

കശ്മീര്‍ ജനത സാധാരണ ജീവിതത്തിലേക്ക്  എത്തുന്ന സാഹചര്യത്തില്‍ നേതാക്കള്‍ കശ്മീര്‍ സന്ദര്ശിക്കരുതെന്നും സുരക്ഷാ പ്രശ്നങ്ങളും ഉണ്ടെന്ന ന്യായീകരങ്ങള്‍ നിരത്തിയാണ് നേതാക്കളെ തിരിച്ചയച്ചത്.