കാലം കാത്തുവച്ചിരുന്നത് എത്ര വൈകിയാലും നമ്മെത്തേടിയെത്തും.. ചിലപ്പോഴത് പ്രിയപ്പെട്ടവരായാകാം.. ഐശ്വര്യമോ ഭാഗ്യമോ അങ്ങനെ എന്തുമാകാം.. തന്നെ തേടിയെത്തിയെത്തിയേക്കാമായിരുന്ന സൗഭാഗ്യത്തിനായി രാണുവിന് കാത്തിരിക്കേണ്ടിവന്നത് ഒരായുസ്സകാലമാണ്.

ഏറെ കാലത്തെ കാത്തുവച്ച ഭാഗ്യം കൊണ്ടുവന്നതാകട്ടെ ശ്രുതിമധുരമായ ശബ്ദവും. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമില്‍ ഇരുന്ന് അശ്രദ്ധമായിയിരുന്നു രാണു പാടിയപ്പോള്‍ കേട്ടിരുന്നു പോയി സംഗീതലോകം. മധുരമായ ശബ്ദത്തില്‍ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഹിന്ദി ഗാനം പാടി സംഗീതാസ്വാദകരുടെ മനം കവര്‍ന്ന രാണു മൊണ്ടല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് പിന്നണി ഗായികയായി.


രാണാഘട്ട് റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ പാട്ടുപാടിക്കൊണ്ടിരുന്ന സ്ത്രീയുടെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്. അയാള്‍ അവര്‍ പാടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതോടെയാണ് രാണുവെന്ന ഗായികയെ ലോകം അറിഞ്ഞത്. ലതാ മങ്കേഷ്‌കറിന്റെ സ്വരമാധുരിയുള്ള ഗായിക എന്ന നിലയില്‍ സൈബര്‍ ലോകം രാണുവിനെ രാണാഘട്ടിന്റെ ലതയെന്ന് വിശേഷിപ്പിച്ചു.

രാണുവിന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പ്രശംസകളും അവസരങ്ങളും രാണുവിനെ തേടിയെത്തി. ദൈവികമായ സ്വരമധുരിമയ്ക്ക് മുന്നില്‍ സോഷ്യല്‍ മീഡിയ മതിമറന്നു നിന്നു.

ഇപ്പോഴിതാ, പ്രശസ്തിക്കൊപ്പം കൈനിറയെ അവസരങ്ങളും രാണുവിന്റെ ജീവിതത്തിലേക്ക് വന്നിരിക്കുകയാണ്. ഹാ്പ്പി ഹാര്‍ഡി ആന്റ് ഹീര്‍ എന്ന ഹിന്ദി ചിത്രത്തിലെ ഗാനത്തിലൂടെ രാണു പിന്നണിഗായികയാവുകയാണ്. ബോളിവുഡ് നടനും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമായ ഹിമേഷ് രഷാമിയയാണ് രാണുവിന് ബോളിവുഡില്‍ അവസരം നല്‍കിയത്.

ചിത്രത്തിലെ തേരി മേരി കഹാനി എന്ന ഗാനം രാണു മൊണ്ടലും ഹിമേഷ് രഷാമിയയും ചേര്‍ന്ന് പാടുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ഹിമേഷിനെയും രാണുവിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.