ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് വഴി കടന്നുപോകുന്ന വയനാട് – മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം ഒഴിവാക്കുന്നതിന് ഈ ഭാഗത്ത് എലിവേറ്റഡ് റോഡ് നിര്‍മിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി – വനം മന്ത്രി പ്രകാശ് ജാവേദ്കര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ നിര്‍ദ്ദേശം കേന്ദ്ര ഗതാഗത – ഹൈവേ മന്ത്രാലയത്തിന് സ്വീകാര്യമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എലിവേറ്റഡ് റോഡിന് വരുന്ന ചെലവിന്‍റെ പകുതി വഹിക്കാന്‍ കേരളം സന്നദ്ധവുമാണ്.

കോഴിക്കോട്- മൈസൂര്‍-കൊല്ലെംഗല്‍ ദേശീയപാതയില്‍ (എന്‍.എച്ച്. 766) രാത്രി 9 മുതല്‍ രാവിലെ 6 വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കയാണ്. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതം ഈ റൂട്ടില്‍ വരുന്നതു കൊണ്ടാണിത്. ഇതു സംബന്ധിച്ച് സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. ഈ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരിസ്ഥിതി-വനം മന്ത്രാലയത്തോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വയനാട് വഴി മൈസൂരിലേയ്ക്ക് ബദല്‍ പാത നിര്‍മ്മിക്കാനുള്ള ശ്രമം ഉണ്ടെന്നാണ്‌ കരുതുന്നത്.

ബദല്‍ പാത നിര്‍മ്മിക്കുകയാണെങ്കില്‍ 40 കിലോമീറ്റര്‍ ദൂരം വര്‍ധിക്കും. മാത്രമല്ല, പരിഗണനയിലുള്ള ബദല്‍ പാതയും വനത്തിലൂടെയാണ് കടന്നുപോകേണ്ടത്. ഈ സാഹചര്യത്തില്‍ എലിവേറ്റഡ് റോഡാണ് അഭികാമ്യം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ വന്യജീവി സങ്കേതം സംരക്ഷിക്കാന്‍ ഇതുമൂലം കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.