കണ്ണൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കുന്ന ചടങ്ങിനിടെ മുഖ്യമന്ത്രി വേദിയിലെത്തിയ സ്ത്രീയോട് മോശമായി പെരുമാറുന്നതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്ത ദുരുദ്ദേശത്തോടെയുള്ളത് യാഥാര്‍ഥ്യം മറച്ച് വച്ച് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

പരുപാടി തുടങ്ങുന്നതിനിടെ വേദിയിലെത്തിയ സ്ത്രീ ആദ്യം സാധാരണമായി സംസാരിച്ച ശേഷം പരസ്പര ബന്ധമില്ലാതെ സംസാരിക്കുകയും മുഖ്യമന്ത്രിയോടെ കയര്‍ക്കുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി ഇവരോട് സദസ്സില്‍ ചെന്നിരിക്കാന്‍ പറഞ്ഞത്.

സദസ്സിലെത്തിയിട്ടും സ്ഥലകാല ബോധമില്ലാതെ സംസാരിച്ചുകൊണ്ടിരുന്ന ഇവരെ പൊലീസ് എത്തി വീട്ടുകാര്‍ക്കൊപ്പം പറഞ്ഞയക്കുകയായിരുന്നുവെന്ന് സന്തോഷ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരാരും നല്‍കാത്ത വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പ്രചരിപ്പിക്കുന്നത് സ്ഥാപിത താല്‍പര്യത്തോടെയാണെന്നും സന്തോഷ് കുറിപ്പില്‍ പറയുന്നു