ബഹിരാകാശത്തേക്കുള്ള മനുഷ്യന്റെ കുടിയേറ്റത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിടെയാണ് ബഹിരാകാശത്ത് ആദ്യ കുറ്റകൃത്യം നടന്നിരിക്കുന്നത്. നക്ഷത്രക്കൂട്ടങ്ങള്‍ക്കിടയിലെ ആദ്യ കുറ്റകൃത്യം അന്വേഷിക്കാന്‍ നിയോഗം ലഭിച്ചതാവട്ടെ നാസക്കും. സംഗതി രസകരമാണ്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ കംപ്യൂട്ടറില്‍ നിന്ന് തന്റെ ഗേള്‍ഫ്രണ്ട് ആയ ശാസ്ത്രജ്ഞ തന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു എന്ന ആരോപണമാണ് നാസ അന്വേഷിക്കുക.

നാസയുടെ ബഹിരാകാശ യാത്രികയായ ആന്‍ മക്ലൈനിന്റെ സ്വവര്‍ഗ്ഗ പങ്കാളിയായ സമ്മര്‍ വോര്‍ഡന്‍ ആണ് പരാതിക്കാരി ആനുമായി അകല്‍ച്ചയിലുള്ള സമ്മര്‍ വോര്‍ഡന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനില്‍ ആനിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ശൂന്യാകാശത്ത് വെച്ചുള്ള മനുഷ്യന്റെ ആദ്യ കുറ്റകൃത്യ ആരോപണമാണിതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വെച്ച് താന്‍ ഈ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചുവെങ്കിലും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് ബഹിരാകാശ യാത്രിക ആന്‍ മക്ലൈന്‍ പറഞ്ഞു. ആന്‍ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയിട്ടുണ്ട്

സ്വവര്‍ഗ്ഗാനുരാഗികളായ ആനിയും സമ്മര്‍ വോര്‍ഡനും 2014ലാണ് വിവാഹിതരായത്. സമ്മര്‍ വോര്‍ഡന്റെ ആദ്യ ബന്ധത്തിലുള്ള മകനെ സ്വന്തമാക്കാന്‍ സാമ്പത്തികമായി സഹായിച്ചത് ആന്‍ ആയിരുന്നു. തങ്ങളുടെ മകന്റെ ചെലവിലേക്കായി താനും സമ്മര്‍ വോര്‍ഡനും ചേര്‍ന്ന് നേരത്തെ സ്വരൂപിച്ച പണം മകന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ആന്‍ പറയുന്നു .

വെസ്റ്റ് പോയന്റ് മിലിട്ടറി അക്കാദമിയില്‍ നിന്ന് ഉന്നത വിജയത്തോടെ ബിരുദം നേടിയ ആന്‍ ഇറാക്ക് യുദ്ധത്തില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. 2013 മുതലാണ് ഇവര്‍ നാസയില്‍ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കാളിയാവുന്നത്. ദൗത്യത്തിന്റെ ഭാഗമായി ഇവര്‍ ആറ് മാസത്തോളം ബഹിരാകാശ നിലയത്തില്‍ ജോലി ചെയ്തിട്ടുണ്ട്.

അമേരിക്ക, റഷ്യ, യൂറോപ്പ്, ജപ്പാന്‍, കാനഡ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ മനുഷ്യര്‍ക്കും സ്വത്തുക്കള്‍ക്കും അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ ബാധകമാണ്. ബഹിരാകാശ നിലയത്തില്‍ വെച്ച് ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ചാവും ഇവര്‍ക്ക് ശിക്ഷ ലഭിക്കുക.

2018ലാണു ആനും വോര്‍ഡനും വേര്‍പിരിഞ്ഞത്. എന്നാല്‍, ഇപ്പോഴും ഇവര്‍ നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല. അതിന്റെ നിയമനടപടികള്‍ പുരോഗമിക്കുന്നതിനിടെയാണു ബഹിരാകാശത്തെ ആദ്യ കുറ്റകൃത്യത്തില്‍ ആന്‍ ഉള്‍പ്പെടുന്നത്.