
പ്രളയത്തിന്റെ ദുരിതങ്ങളില്‍ നിന്ന് അതിജീവനത്തിന്റെ വഴിയിലേക്ക് കൈ പിടിച്ച് നടത്താന്‍ കൂടെയുണ്ടെന്ന് ഉദയസൂര്യനെ ക്യാന്‍വാസിലേക്ക് പകര്‍ത്തി പറയാതെ പറയുകയായിരുന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ജവഹര്‍ ബാലഭവനില്‍ കേരള ലളിതകലാ അക്കാദമിയും നീരാവില്‍ പ്രകാശ് കലാകേന്ദ്രവും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥം നടത്തുന്ന വീണ്ടെടുപ്പിന്റെ നല്‍വരകള്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് മന്ത്രി പ്രതീക്ഷയുടെ നിറവ് പകരുന്ന ചിത്രമെഴുതിയത്. മാനവികതയുടെ വെള്ളിത്തുരുത്തായി മാറുകയാണ് കലാകൂട്ടായ്മ എന്ന് മന്ത്രി പറഞ്ഞു. ഒരുമയുടെ സന്ദേശം പകരുന്നതിനൊപ്പം ദുരിതബാധിതരുടെ പ്രയാസങ്ങള്‍ മറികടക്കുന്നതിന് കൂടി സഹായകമാണ് പരിപാടി എന്നും കൂട്ടിച്ചേര്‍ത്തു.
മന്ത്രി വരച്ച ചിത്രം 2,500 രൂപ നല്‍കി അധ്യക്ഷനായ എം നൗഷാദ് എംഎല്‍എയാണ് സ്വന്തമാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ചിത്രകാരന്‍മാരുടെ രചനകളാണ് ഇവിടെ ഇതേ നിരക്കില്‍ ലഭിക്കുന്നത്. വലിയൊരു ദൗത്യത്തിന്റെ ഭാഗമായി കണ്ട് ചിത്രങ്ങള്‍ വാങ്ങാന്‍ എല്ലാവരും തയ്യാറാകണമെന്ന് ലളിതകലാ അക്കാദമി ചെര്‍മാന്‍ നേമം പുഷ്പരാജ് അഭ്യര്‍ഥിച്ചു. 100 കലാകാരന്‍രുടെ രചനകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇവ ഇന്ന് (ഓഗസ്റ്റ് 25) പ്രദര്‍ശിപ്പിക്കും. നേരിട്ട് വാങ്ങാനുള്ള അവസരമാണുള്ളത്. സമാഹരിക്കുന്ന മുഴുവന്‍ തുകയും പ്രളയ ദുരിതാശ്വാസത്തിനായാണ് കൈമാറുന്നത്.,
പരിപാടിയുടെ ഭാഗമായി വിവിധ വിഭാഗങ്ങളിലുള്ള കുട്ടികള്‍ക്കായി ജയപാല പണിക്കര്‍ ചിത്രരചനാ മത്സരവും നടന്നു. ചിത്രകാരന്‍മാരുടെ തത്സമയ ചിത്രം വര ശ്രദ്ധേയമായി. ഉദ്ഘാടന ചടങ്ങില്‍ പ്രകാശ് കലാകേന്ദ്രം ഭാരവാഹികളായ ആര്‍. ബി. ഷജിത്ത്, ഡി. വിജയന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.
ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന വാഹനവും ഇവിടെയുണ്ട്. പരിപാടിയുടെ ഭാഗമാകാനും ചിത്രങ്ങള്‍ വാങ്ങാനുമായി കുട്ടികള്‍ക്കൊപ്പം കുടുംബങ്ങളുടെ സാന്നിധ്യവും സജീവമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here