കനത്ത മഴയിൽ മംഗളൂരുവിലെ പടീൽ–ജോക്കട്ടെ റെയിൽവേ സ്‌റ്റേഷനുകൾക്കിടയിൽ കുലശേഖരയിൽ ശനിയാഴ്ച വീണ്ടും മണ്ണിടഞ്ഞതോടെ കൊങ്കൺവഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നത് അനിശ്ചതമായി നീളുന്നു. വെള്ളിയാഴ്ച പുലർച്ചെ ഇടിഞ്ഞ മണ്ണുനീക്കുന്നതിനിടെയാണ് ശനിയാഴ്ച വീണ്ടും ഇടിഞ്ഞത്. മണ്ണിടിച്ചലിനെതുടർന്ന് വെള്ളിയാഴ്ച രാത്രി മുതൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്.
നിലവിൽ തിങ്കളാഴ്‌ചവരെ ഗതാഗത നിരോധനം നീട്ടേണ്ടിവരുമെന്നാണ് കരുതുന്നത്. തിങ്കളാഴ്‌ച സ്ഥിതി വിലയിരുത്തിയശേഷം തീരുമാനെടുക്കും.

ചെളിരൂപത്തിലായതിനാൽ ഇടിഞ്ഞ മണ്ണ് നീക്കംചെയ്യാൻ പ്രയാസമാണ്‌. ഇടയ്ക്കിടെ പെയ്യുന്ന മഴയും പ്രവൃത്തി തടസ്സപ്പെടുത്തുന്നു. മണ്ണുനീക്കി പാളം പുനർനിർമിച്ച് താൽകാലികമായി ഗതാഗതം പുനഃസ്ഥാപിക്കാനാണ്‌ ശ്രമം. കുന്നിന്റെ ചെരിവ് വർധിപ്പിച്ച് മണ്ണ് ഇടിയാനുള്ള സാധ്യത ഒഴിവാക്കണമെങ്കിൽ രണ്ടാഴ്ചയെങ്കിലും ഗതാഗതം തടഞ്ഞ്‌ പ്രവൃത്തി നടത്തണമെന്ന്‌ റെയിൽവേ പറയുന്നു.

ഞായറാഴ്ച റദ്ദാക്കിയ ട്രെയിനുകൾ:

12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്‌രഥ്‌ എക്‌സ്‌പ്രസ്‌
12224 എറണാകുളം–മുംബൈ ലോകമാന്യതിലക് തുരന്തോ എക്‌സ്‌പ്രസ്‌

ഞായർ, തിങ്കൾ ദിവസങ്ങളിൽ റദ്ദാക്കിയവ:

. 56640 മംഗളൂരു-മഡ്ഗാവ് പാസഞ്ചർ
. 22636 മംഗളൂരു-മഡ്ഗാവ് ഇന്റർസിറ്റി എക്‌സ്‌പ്രസ്‌
. 56641 മഡ്ഗാവ്-മംഗളൂരു പാസഞ്ചർ
. 22635 മഡ്ഗാവ്-മംഗളൂരു ഇന്റർസിറ്റി എക്‌സ്‌പ്രസ്‌

ഞായർ, തിങ്കൾ ഭാഗികമായി റദ്ദാക്കിയവ:

. 70105 മഡ്ഗാവ്- മംഗളൂരു, 70106 മംഗളൂരു-മഡ്ഗാവ് പാസഞ്ചർ തോക്കൂറിനും മംഗളൂരു സെൻട്രലിനും ഇടയിൽ സർവീസ് നടത്തില്ല.
. 12619 ലോകമാന്യതിലക്- മംഗളൂരു, 12620 മംഗളൂരു-ലോകമാന്യതിലക്, മത്സ്യഗന്ധ എക്‌സ്‌പ്രസ്സുകൾ സൂറത്കലിനും മംഗളൂരു സെൻട്രലിനും ഇടയിൽ സർവീസ് നടത്തില്ല.
. 12133 മുംബൈ സിഎസ്ടി-മംഗളൂരു ജങ്ഷൻ, 12134 മംഗളൂരു ജങ്ഷൻ-മുംബൈ സിഎസ്ടി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസുകൾ സൂറത്കലിനും മംഗളൂരു സെൻട്രലിനും ഇടയിൽ സർവീസ് നടത്തില്ല.

വഴി തിരിച്ചുവിട്ടവ:
ഞായറാഴ്‌ച പുറപ്പെടേണ്ട 16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്‌പ്രസ്‌, 12617 എറണാകുളം -നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ്‌ എന്നിവ ഷൊർണൂരിൽനിന്ന്‌ പാലക്കാടുവഴി തിരിച്ചുവിടും.