തീവ്രവാദ ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുള്‍ ഖാദര്‍ റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

തീവ്രവാദ ബന്ധം സംശയിച്ച് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത അബ്ദുള്‍ ഖാദര്‍ റഹീമിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു.കേരള പോലീസിനു പുറമെ തമി‍ഴ്നാട് പോലീസും എന്‍ ഐ എയും മണിക്കൂറുകളായി ഇയാളെ ചോദ്യംചെയ്ത് വരികയാണ്.

ചോദ്യം ചെയ്യലിന്‍റെ വിശദാംശങ്ങള്‍ പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ലെങ്കിലും നിര്‍ണ്ണായക വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചുവെന്നാണ് സൂചന.റഹീമിന്‍റെ സുഹൃത്തായ യുവതിയെയും വിവിധ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരുന്നുണ്ട്.ഇരുവരെയും തമി‍ഴ്നാട് പോലീസിന് കൈമാറുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും.

അഭിഭാഷകനൊപ്പം ഇന്നലെ കൊച്ചിയിലെ കോടതിയില്‍ കീ‍ഴടങ്ങാനെത്തിയപ്പോ‍ഴായിരുന്നു അബ്ദുള്‍ ഖാദര്‍ റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.തുടര്‍ന്ന് കൊച്ചി കമ്മീഷണര്‍ വിജയ് സാഖറെ,അഡീഷണല്‍ കമ്മീഷണര്‍ കെ പി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു.

ഇതിനു പുറമെ തമി‍ഴ്നാട് പോലീസും എന്‍ ഐ എയും ചോദ്യം ചെയ്യുന്നുണ്ട്.ലഷ്ക്കര്‍ ഭീകരര്‍ ശ്രീലങ്കയില്‍ നിന്നും തമി‍ഴ്നാട്ടിലെത്തിയെന്നും ഇവര്‍ക്ക് അബ്ദുള്‍ ഖാദര്‍ റഹീം യാത്രാ സഹായം നല്‍കിയെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയ വിവരം.

ഇത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.റഹീമിന്‍റെ സുഹൃത്തായ യുവതിയെയും നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇരുവരെയും ഒരുമിച്ചും വെവ്വേറെയും ചോദ്യം ചെയ്തുവെന്നാണ് വിവരം.

കൂടാതെ ഇവര്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടൊ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.തനിക്ക് ഭീകരരുമായി ബന്ധമില്ലെന്ന് പറഞ്ഞ റഹീം വിശദമായ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായകമായ വിവരങ്ങള്‍ വെളിപ്പെടുത്തിയതായാണ് സൂചന.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ ഇവരെ തമി‍ഴ്നാട് പോലീസിന് കൈമാറിയേക്കും.അതല്ലെങ്കില്‍ ഇവര്‍ക്ക്മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിഞ്ഞുവെന്ന് ബോധ്യപ്പെട്ടാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജാരക്കാനും സാധ്യതയുണ്ട്.

ഇക്കാര്യത്തില്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ കൂടിയാലോചന നടത്തി ഇന്നുതന്നെ അന്തിമ തീരുമാനം എടുക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News