തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപവുമായി ബിജെപി പ്രവര്‍ത്തകന്‍.

പള്ളുരുത്തി സ്വദേശി നിബു രാജ് ആണ് സമൂഹമാധ്യമങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയത്. ഇയാള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. അരൂര്‍ സ്വദേശി കെ ബി ബിബിനാണ് പരാതി നല്‍കിയത്.

മുഖ്യമന്ത്രിയുടെ ഫോട്ടോ സഹിതം ഉപയോഗിച്ച് ജാതി പറഞ്ഞുകൊണ്ടായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകനായ നിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ശരിയല്ലെന്ന് പറഞ്ഞ് കമന്റ് ചെയ്ത പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്കെതിരെയും ഇയാള്‍ അസഭ്യമായ ഭാഷയില്‍ സംസാരിച്ചു.

താഴ്ന്നജാതിയില്‍പ്പെട്ടവരോട് ബിജെപിക്കാരുടെ മനോഭാവം ഇത്തരത്തിലായിരിക്കുമെന്ന് സംഭവത്തില്‍ നിരവധിപേര്‍ പ്രതികരിക്കുന്നുണ്ട്.

നേരത്തെ ശബരിമല വിഷയത്തിന്റെ മറവിലുള്ള കലാപശ്രമത്തിന്റെ സമയത്തും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ ജാതി അധിക്ഷേപം നടത്തിയിരുന്നു.

മഹാരാജാസ് കോളേജില്‍ കെഎസ്യു നേതാവും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്ന ആളാണ് നിബുരാജ്. ഇതിനൊപ്പംതന്നെ ഇയാള്‍ ബിജെപി പ്രവര്‍ത്തകനും ആയിരുന്നു.

കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരുടെ ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഉണ്ട്. ഒപ്പംതന്നെ കെഎസ്യു സ്ഥാനാര്‍ഥിയായിരുന്ന സമയത്തെ ചിത്രങ്ങളും കാണാം.