ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയബാധിതര്‍ക്കായി ഡി.പി വേള്‍ഡ് നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുറഞ്ഞ സമയത്തിനുള്ളില്‍ അതിവേഗം പഠനം നടത്തി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ അവിടെയുള്ളവര്‍ തയ്യാറാകണം. മാറിത്താമസിക്കാന്‍ ഇടമില്ലാത്തവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്ത സഹായനിധി നല്‍കുന്നത് അഖിലേന്ത്യാ മാനദണ്ഡപ്രകാരമാണ്. അതില്‍ വ്യാപാരി ചെറുകിട വ്യവസായികള്‍ക്ക് സഹായം നല്‍കാന്‍ വ്യവസ്ഥയില്ല. എന്നാല്‍ ഇവര്‍ക്ക് സഹായം നല്‍കുന്നതിനു മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉപസമിതിയുടെ ശുപാര്‍ശ ലഭിക്കുന്നതിനനുസരിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ എന്‍ജിഒ സംഘടനകളുടെ സാമൂഹിക നിര്‍മ്മാണ പങ്കാളിത്തത്തോടെയാണ് ഡിപി വേള്‍ഡ് പ്രളയത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ട 50 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയത്.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായിരുന്ന ചടങ്ങില്‍ ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.