പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ കോന്നി-റാന്നി-പ്ലാച്ചേരി റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനം ഇരുപത്തിയാറാം തീയതി വൈകുന്നേരം 3.30ന് കോന്നിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. വനം വകുപ്പ് മന്ത്രി കെ. രാജു മുഖ്യപ്രഭാഷണം നടത്തും.

രാജു ഏബ്രഹാം എംഎല്‍എ സ്വാഗതം പറയും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ ഗണേഷ് കുമാര്‍, വീണാ ജോര്‍ജ്, ഡോ. എന്‍.ജയരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ കൂടി കടന്നു പോകുന്നതാണ് പുനലൂര്‍-മൂവാറ്റുപുഴ റോഡ്. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന ചരിത്രത്തില്‍ സുപ്രധാന ചുവടുവയ്പ്പാണ് മലയോര മേഖലയുടെ ജീവനാഡിയായ പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ നവീകരണം. കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടിന്റെ കീഴിലാണ് ലോകബാങ്കിന്റെ ധനസഹായത്തോടു കൂടി സംസ്ഥാന സര്‍ക്കാര്‍ ഈ റോഡ് പുനരുദ്ധരിക്കുന്നത്.

മലയോര മേഖലയുടെ സമഗ്ര വികസനത്തിനും ശബരിമല തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്കും പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനം വഴിയൊരുക്കും. പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ പുനലൂര്‍ മുതല്‍ പൊന്‍കുന്നം വരെ 82 കിലോമീറ്റര്‍ വരുന്ന ഭാഗത്തിന്റെ നവീകരണം 738 കോടി രൂപ ചെലവഴിച്ച് മൂന്നു റീച്ചുകളായാണ് നടത്തുന്നത്.

അന്തര്‍ദേശീയ നിലവാരത്തില്‍ നിര്‍മിക്കുന്ന പാത റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നതായിരിക്കും. ബസ് ഷെല്‍ട്ടര്‍ ഉള്‍പ്പെടുന്ന ബസ് ബേകള്‍, നടപ്പാതകള്‍, സംരക്ഷണഭിത്തി, കോണ്‍ക്രീറ്റ് ഓട, നടപ്പാത, ക്രാഷ് ബാരിയര്‍, റോഡ് സുരക്ഷാ സൈന്‍ ബോര്‍ഡുകള്‍, റോഡ് മാര്‍ക്കിംഗ്, സൗരോര്‍ജ വിളക്കുകള്‍, സിഗ്‌നല്‍ സംവിധാനം എന്നിവയുണ്ടാകും.

പാതയില്‍ നിലവിലുള്ള അപകടകരമായ വളവുകളും കയറ്റങ്ങളും ലഘൂകരിച്ച് റോഡ് സുരക്ഷ ഉറപ്പു വരുത്തും. നവീകരണം പൂര്‍ത്തിയാകുന്നതോടെ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരുവനന്തപുരത്ത് എത്തുന്നതിന് ഉന്നത നിലവാരത്തിലുള്ള സമാന്തര പാത ലഭിക്കും. ഇതുമൂലം എംസി റോഡിലെ തിരക്ക് വലിയൊരളവില്‍ കുറവു ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.