സൗദി വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

സൗദി അബഹ വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ആക്രമണം. ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത്. ഖമീസ് മുഷായത് വ്യോമതാവളത്തിലേക്കും ഡ്രോണ്‍ ആക്രമണം നടത്തി. രണ്ടിടത്തും കണ്‍ട്രോള്‍ ടവറിനു നേരെയായിരുന്നു ആക്രമണം. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലാണ് രണ്ടു വ്യോമകേന്ദ്രങ്ങളും. സൗദി അധികൃതര്‍ ഇതു സംബന്ധിച്ച് സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ജൂണ്‍ 12ന് അബഹ വിമാനത്താവളത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്കു പരുക്കേറ്റിരുന്നു.

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ മാസങ്ങളായി സൗദിക്കെതിരെ ആക്രമണം തുടരുകയാണ്.യെമന്റെ തലസ്ഥാനമായ സനാ ഇപ്പോള്‍ ഹൂതികളുടെ കീഴിലാണ്. അവിടെ നിന്നാണു പ്രവര്‍ത്തനം. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയാണ് യെമനിലെ ഔദ്യോഗിക സര്‍ക്കാരിനു പിന്തുണ നല്‍കുന്നത്.

സഖ്യസേനയുടെ നേതൃത്വത്തില്‍ സനായിലെ ഹൂതി താവളങ്ങള്‍ക്കു നേരെയും ആക്രമണം ശക്തമാണ്.ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പിനും വെടിനിര്‍ത്തലിനും ശ്രമം നടന്നെങ്കിലും ഇതുവരെ വിജയം കണ്ടിട്ടില്ല. തീരനഗരമായ ഹുദെയ്ദയില്‍ തുടരുന്ന വെടിനിര്‍ത്തലിനും ഇപ്പോഴത്തെ സംഘര്‍ഷം ഭീഷണിയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News