ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര വിജയം നേടിയ പിവി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാവുകയാണ് സിന്ധു. കഴിഞ്ഞ രണ്ടു വര്‍ഷവും ഫൈനലില്‍ തോറ്റ സിന്ധു ഇത്തവണ ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് മറികടന്നാണ് കിരീടമണിഞ്ഞത്.

ബാഡ്മിന്റണില്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച സിന്ധുവിന്റെ നേട്ടം അഭിമാനകരമാണ്. കൂടുതല്‍ ഉയരങ്ങളിലെത്താന്‍ ഈ നേട്ടം അവര്‍ക്ക് പ്രചോദനമാകട്ടെ. ഇന്ത്യന്‍ ബാഡ്മിന്റണിലെ വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് സിന്ധുവിന്റെ നേട്ടം വലിയ പ്രോത്സാഹനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.