എല്ലാവിധ ജനാധിപത്യ മൂല്യങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ട് കാശ്മീര്‍ ജനതയെ ഒന്നാകെ തടവിലാക്കിയിരിക്കുന്ന മോദിസര്‍ക്കാരിന്റെ നടപടിയില്‍ പുരോഗമന കലാസാഹിത്യസംഘം വേദനയും നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി.

ഇന്ത്യന്‍ പൗരന്റെ ഭാവിജീവിതവും മനുഷ്യാവകാശവും സര്‍ഗ്ഗാത്മകസ്വാതന്ത്ര്യവും സമീപഭാവിയില്‍ എന്തായിരിക്കും എന്ന ആശങ്ക നിറഞ്ഞ ചോദ്യം ഇന്നത്തെ കാശ്മീര്‍ ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാജ്യത്തെ പ്രതിപക്ഷകക്ഷികളിലെ മുതിര്‍ന്നനേതാക്കള്‍ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ നടത്തിയ ശ്രമം വിഫലമായി. പത്രലേഖകരെ പോലും കാണാന്‍ അനുവദിക്കാതെ ഭരണകൂടം അവരെ തടയുകയാണുണ്ടായത്. തടങ്കലിലാണെന്നു കരുതുന്ന കാശ്മീര്‍ നേതാക്കളെക്കുറിച്ച് അന്വേഷിക്കാന്‍ വേണ്ടി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയ ഇടതുപക്ഷ പാര്‍ടിനേതാക്കളായ സിതാറാം യെച്ചൂരിയും ഡി.രാജയും എയര്‍പോര്‍ട്ടില്‍ വെച്ച് തടയപ്പെട്ടു.

കാശ്മീര്‍ ജനതയുടെ പ്രിയനേതാവ് ജനപ്രതിനിധി മുഹമ്മദ് യൂസഫ് താരിഗാമിയുടെ സ്ഥിതി എന്ത് എന്നറിയാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ അദ്ദേഹത്തിന്റെ പാര്‍ടി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചിരിക്കുകയാണ്. കാശ്മീരില്‍ എന്തു സംഭവിക്കുന്നു എന്ന് പുറംലോകം അറിയരുതെന്ന ദുര്‍വാശി സര്‍ക്കാരിനുണ്ട് എന്നതു വ്യക്തം.

ആഴ്ചകളായി അവിടെ ടെലഫോണില്ല. ഇന്റര്‍നെറ്റില്ല. സ്‌കൂളുകളില്ല. ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അവകാശമില്ല. ആയിരങ്ങളാണ് അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നത്. ജനനേതാക്കള്‍ എവിടെയെന്ന് ആര്‍ക്കും വിവരമില്ല. ബുള്ളറ്റുകള്‍ക്കും പെല്ലറ്റുകള്‍ക്കുമിടയിലൂടെയാണ് പാവപ്പെട്ട ജനങ്ങളുടെ നിത്യവൃത്തികള്‍. ഒരു ജനതയെ ആയുധംകൊണ്ട് ചതച്ചരച്ചു കീഴ്‌പ്പെടുത്താമെന്നാണോ സര്‍ക്കാര്‍ കരുതുന്നത്?

ചരിത്രത്തേയും വസ്തുതകളേയും പാടെ നിരാകരിച്ചു കൊണ്ട് ജനങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് സംസ്ഥാനത്തിനുള്ള പ്രത്യേകാവകാശങ്ങള്‍ റദ്ദു ചെയ്തത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലംമുതലേ പലവിധ വാഴ്ച്ചക്കാരുടെ പങ്കിടലിനും കൈമാറ്റത്തിനും വിധേയമായി സ്വാതന്ത്ര്യവും സംസ്‌കാരവും സംരക്ഷിക്കാനാവാതെ ഗതികെട്ടു ജീവിക്കുന്ന ജനതയാണ് കാശ്മീരികള്‍.

അന്യമതവിദ്വേഷവും യുദ്ധവെറിയും സൃഷ്ടിച്ച് ജനങ്ങളെ ഭയപ്പെടുത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്നതിനു വേണ്ടി ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ഭരണവര്‍ഗ്ഗപാര്‍ടികള്‍ കാശ്മീരിനെ ഉപയോഗിച്ചു വന്നു. ഇപ്പോള്‍ ഇന്ത്യയുമായി കാശ്മീരിനെ വിളക്കിച്ചേര്‍ക്കുന്ന ആര്‍ട്ടിക്കിള്‍ 370 തകര്‍ത്തതിലൂടെ ഫലത്തില്‍ മുഴുവന്‍ കാശ്മീര്‍ ജനതയേയും ഭീകരര്‍ക്ക് വിട്ടുകൊടുക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

സാമ്രാജ്യത്തവിരുദ്ധ ദേശീയസമരവേദിയില്‍ രൂപീകരിക്കപ്പെട്ടതാണ് പുരോഗമന കലാസാഹിത്യപ്രസ്ഥാനം. ജനാധിപത്യത്തേയും സ്വാതന്ത്ര്യത്തേയും അതിനെ സംരക്ഷിക്കാന്‍ നിയുക്തമായ ഭരണഘടനയേയും അവഗണിച്ച് കാശ്മീരിനെ തകര്‍ത്ത് ഇല്ലാതാക്കാനുള്ള മോദിസര്‍ക്കാരിന്റെ നീക്കത്തില്‍ സംഘത്തിന് അമര്‍ഷവും പ്രതിഷേധവുമുണ്ട്.

മുഴുവന്‍ എഴുത്തുകാരും കലാകാരന്മാരും ബന്ധിതമായിരിക്കുന്ന കാശ്മീര്‍ ജനതക്കു വേണ്ടി സംസാരിക്കാന്‍ മുന്നോട്ടു വരണമെന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നുവെന്നും പു.ക.സാ വ്യക്തമാക്കി.