‘നാളെയെന്നത് വളരെ വൈകിപ്പോവും’; ആമസോണ്‍ മ‍ഴക്കാടുകളെ തീ വിഴുങ്ങുമ്പോള്‍ പ്രസക്തമാവുന്ന കാസ്‌ട്രോയുടെ പ്രസംഗം

1992ലെ ഒന്നാം ഭൗമ ഉച്ചകോടിയിൽ പങ്കെടുത്ത് ബ്രസീലിൽ സഖാവ് ഫിദൽ കാസ്ട്രോ അവതരിപ്പിച്ച പ്രസംഗം ഇപ്പോഴത്തെ ആമസോണിലെ തീയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്.

രണ്ട് പേരുകൾ എടുത്തുപറഞ്ഞാണ് തൻ്റെ പ്രസംഗമാരംഭിക്കുന്നത്. ഒന്ന് അന്നത്തെ യുണൈറ്റഡ് നാഷൻസ് ജനറൽ സെക്രട്ടറിയായ ബോട്രോസ് ഘാലിയുടേയും മറ്റൊന്ന് ബ്രസീൽ പ്രസിഡൻ്റ് ഫെർണാണ്ടോ കോളർ ഡി മെലോയുടേതും.

ബ്രസീൽ പ്രസിഡന്റ് ഫെർണാണ്ടോ കോളർ ഡി മെലോ, യുഎൻ സെക്രട്ടറി ജനറൽ ബോട്രോസ് ഘാലി, മറ്റ് വിശിഷ്ട വ്യക്തികളേ.,

‘നാളെ എന്നത് വളരെ വൈകിപ്പോവും’

ഒരു സുപ്രധാന ജൈവ ഇനം അതിന്റെ സ്വാഭാവിക ജീവിത സാഹചര്യങ്ങളുടെ വേഗതയേറിയതും പുരോഗമനപരവുമായ നശീകരണം കാരണം അപ്രത്യക്ഷമാവാൻ പോവുകയാണ്,”മാനവികത”. അതിനെ തടുക്കാൻ പറ്റില്ലെന്ന് ഏറെക്കുറെ ഉറപ്പായ സന്ദർഭത്തിൽ മാത്രമാണ് നാമത് മനസിലാക്കിയിരിക്കുന്നത്.

പൈശാചികമായ പ്രകൃതിനശീകരണത്തിന് അടിസ്ഥാനപരമായ ഉത്തരവാദികൾ ഉപഭോക്തൃസമൂഹങ്ങൾ തന്നെയാണ് എന്ന് ഈയവസരത്തിൽ സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

പഴയ കൊളോണിയൽ ശക്തികളിൽ നിന്നും സാമ്രാജ്യത്വ നയങ്ങളിൽ നിന്നുമാണ് അവ ഉടലെടുത്തത്. അത് തന്നെയാണ് നമുക്കിടയിൽ പിന്നോക്കാവസ്ഥയെയും ദാരിദ്ര്യത്തെയും സൃഷ്ടിച്ചത്. ഇന്ന് അതിൻ്റെ കഷ്ടതകൾ മനുഷ്യരാശിയുടെ ബഹുഭൂരിപക്ഷത്തെയും ബാധിക്കുന്നു

ലോകജനസംഖ്യയുടെ വെറും 20 ശതമാനം വരുന്ന ഈ ജനത, ലോകത്തിലെ മൂന്നിൽ രണ്ട് ഭാഗം ലോഹങ്ങളും നാലിൽ മൂന്നുഭാഗം ഊർജവും ഉപയോഗിക്കുന്നു.

അതേ വിഭാഗം തന്നെ കടലിലും പുഴയിലും വിഷം പരത്തുന്നു, ഓസോൺ പാളി ദുർബലപ്പെടുത്തുന്നു, സന്തുലിത അന്തരീക്ഷത്തിൽ ലോകത്തിൻ്റെ തന്നെ കാലാവസ്ഥയിൽ മാറ്റം വരുത്തുന്ന രീതിയിലുള്ള വാതകങ്ങൾ നിറക്കുന്നു. ഇതിൻ്റെയൊക്കെ ദുരന്തഫലങ്ങൾ നമ്മളെല്ലാവരുമനുഭവിച്ചുതുടങ്ങിയിരിക്കുന്നു

വനങ്ങൾ ഇല്ലാതാവുന്നു. മരുഭൂമികൾ വികസിച്ചുകൊണ്ടിരിക്കുന്നു. ഓരോവർഷവും ലക്ഷക്കണക്കിന് ടൺ ഫലഭൂയിഷ്ഠമായ മണ് കടലിനടിയിലാവുന്നു.

അനേകം ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നു. ജനസംഖ്യയുടെ വർധനവും പട്ടിണിയുടെ ആധിക്യവും ഭ്രാന്തമായ രീതിയിൽ പ്രകൃതിയെ ഇല്ലാതാക്കിയും അതിജീവനം നടത്തണമെന്ന ചിന്ത ഉണ്ടാക്കുന്നു.

ഇതിനൊന്നും തന്നെ മൂന്നാം ലോക രാജ്യങ്ങളെ കുറ്റം പറയാൻ സാധിക്കില്ല. ഇന്നലെവരെ അവർ കോളനികൾ മാത്രമായിരുന്നു.

ഇന്നവർ അനീതി നിറഞ്ഞ അന്താരാഷ്ട്രസാമ്പത്തികശക്തികളാൽ ചൂഷണം ചെയ്യപ്പെട്ട കൊള്ളയടിക്കപ്പെട്ട രാജ്യങ്ങളാവുന്നു.

ഇതിനുള്ള പ്രതിവിധി ഏറ്റവുമവശ്യമുള്ളവരുടെ വികസനം തടയുക എന്നതല്ല. സത്യം പറയുകയാണെങ്കിൽ അവികസിതമാവുന്നതിനും പട്ടിണി കൂടുന്നതിനും കാരണമാവുന്ന എല്ലാം തന്നെ ഇപ്പോൾ പ്രകൃതിക്ക് ദോഷം ചെയ്യുന്നതാണ്.

ദശലക്ഷക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ കാരണത്താൽ മാത്രം മൂന്നാം ലോക രാജ്യങ്ങളിൽ മരണപ്പെടുന്നുണ്ട്, ഇത് രണ്ട് ലോകമഹായുദ്ധങ്ങളിൽ മരിച്ചവരുടെ എണ്ണത്തേക്കാൾ കൂടുതലാണ്.

അസമത്വം നിറഞ്ഞ കച്ചവട കരാറുകളും, സംരക്ഷണനിയമങ്ങളും, വിദേശകടങ്ങളുമെല്ലാം പ്രകൃതിയെ ചൂഷണം ചെയ്യുന്നതിനുള്ള വഴിയാവുകയാണ്.

മനുഷ്യരെ സ്വയം ഇല്ലായ്മ ചെയ്യുന്നതിൽ നിന്ന് തടയണമെങ്കിൽ, നമ്മുടെ കയ്യിലുള്ള ധനവും ആധുനിക സാങ്കേതികവിദ്യകളും പങ്കുവെക്കാൻ തയ്യാറാവേണ്ടതുണ്ട്.

കുറച്ച് രാജ്യങ്ങളിലെ ആഡംബരവും മാലിന്യ ഉല്പാദനവും കുറക്കുകയാണെങ്കിൽ ഈ ലോകത്തിലെ ഏറെക്കുറെ വരുന്ന പാവപ്പെട്ട രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാൻ പറ്റുമെന്ന് തിരിച്ചറിയണം.

പ്രകൃതിയെ നശിപ്പിക്കുന്ന രീതിയിലുള്ള ജീവിതശൈലിയും ഉപഭോഗശീലങ്ങളും നമ്മൾ മൂന്നാംലോകരാജ്യങ്ങളിലേക്ക് പകർന്നു നൽകേണ്ടതില്ല.

മനുഷ്യജീവിതം കൂടുതൽ യുക്തിസഹമായിരിക്കട്ടെ, നമുക്ക് ന്യായമായ ഒരു അന്താരാഷ്ട്ര സാമ്പത്തിക ക്രമം സൃഷ്ടിച്ചെടുക്കാം.

നമ്മുടെ കൈവശമുള്ള ശാസ്ത്രത്തെ മലിനീകരണ വിമുക്തമായൊരു സുസ്ഥിരവികസനത്തിനായി ഉപയോഗിക്കാം. നമുക്ക് വിദേശകടങ്ങൾ തീർക്കുന്നതിന് മുൻപായി പ്രകൃതിയോടുള്ള കടങ്ങൾ വീട്ടാം. ലോകത്ത് നിന്ന് മനുഷ്യരെ ഉന്മൂലനം ചെയ്യുന്നതിനുപകരം പട്ടിണിയെ ഇല്ലാതാക്കാം.

നിങ്ങളിത്രയും കാലം പറഞ്ഞിരുന്ന കമ്യൂണിസമെന്ന ഭീഷണി ഇപ്പോൾ ഇല്ലായായിരിക്കുമ്പോൾ, ശീതയുദ്ധവും ആയുധ കച്ചവട മത്സരവും ഇല്ലാതാവുമ്പോൾ, സൈനിക ചിലവുമെല്ലാം കുറയുമ്പോൾ, നിങ്ങളെ എന്താണ് ഇതിൽ ഇന്ന് തടയുന്നത്? എന്താണ് നിങ്ങളുടെ കയ്യിലെ വിഭവങ്ങളെ മൂന്നാം ലോക രാജ്യങ്ങളുടെ വികസനങ്ങൾക്കുപയോഗിക്കുന്നതിൽ നിന്ന്, ഈ ലോകത്തുനടക്കുന്ന പ്രകൃതിവൈവിധ്യങ്ങളുടെ നശീകരണത്തെ എതിർക്കുന്നതിൽ നിന്ന് വിലക്കുന്നത്?

സ്വാർഥത അവസാനിപ്പിക്കൂ, അധീശത്വം അവസാനിപ്പിക്കൂ, വിവേകശൂന്യതയും നിരുത്തരവാദിത്വവും അവസാനിപ്പിക്കൂ. ഒരുപാട് കാലം മുന്നേ ചെയ്യേണ്ടിയിരുന്നത് നാളെ ചെയ്യാമെന്നാണെങ്കിൽ നാം ഒരുപക്ഷേ വളരെ വൈകിപ്പോവും.

നന്ദി

പരിഭാഷ: കാട്ടു കടന്നല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News