നിറഞ്ഞ സദസില് തിയറ്ററുകളില് പ്രദര്ശനം തുടരുന്ന ജോഷിയുടെ പൊറിഞ്ചു മറിയം ജോസിനെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് ശാരദക്കുട്ടി.

ശാരദക്കുട്ടി ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ:

‘പൊറിഞ്ചു മറിയം ജോസ്’ ആദ്യ ദിവസത്തെ ആദ്യ ഷോ തന്നെ കണ്ടു. ജോഷിയുടെ അനുഭവപരിചയം , ചിത്രവുമായി ബന്ധപ്പെട്ട മറ്റു പുതുനിര സിനിമാ പ്രവര്‍ത്തകര്‍ ആദരവോടെ തന്നെ ഉപയോഗിച്ചതിന്റെ ചടുലത സിനിമയുടെ ആദ്യ പകുതിയെ നല്ലതു പോലെ സഹായിച്ചിട്ടുണ്ട്. രസകരമാണ് മൂന്നു പേരുടെ സൗഹൃദങ്ങള്‍, സ്‌കൂള്‍ രംഗങ്ങള്‍. ഒക്കെയും ഒരു പുതു സിനിമയുടെ സ്പര്‍ശമുണ്ട്. ജോഷി ഇക്കാലത്തെന്തു ചെയ്യുമെന്ന കൗതുകത്തെ ആദ്യ പകുതി പൂര്‍ണമായും തൃപ്തിപ്പെടുത്തി.

രണ്ടാം പാതി അനാവശ്യമായി വലിച്ചു നീട്ടുകയും മരണ രംഗങ്ങളും നിലവിളികളും പെരുനാളിലെ വഴക്കുമൊക്കെ സാമാന്യ ത്തിലധികം മടുപ്പിക്കുകയും ചെയ്യുന്നുണ്ട്. ഈ മ യൗ പോലെയുള്ള ചിത്രങ്ങള്‍ മരണത്തെ ചിത്രീകരിച്ചുണ്ടാക്കിയ തീക്ഷ്ണാനുഭവങ്ങള്‍ പരിചയപ്പെട്ടു കഴിഞ്ഞ മലയാളി പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഈ രംഗങ്ങളുടെ അതിവാചാലത ചെടിപ്പുളവാക്കും.

ജോജു എന്ന മികച്ച നടന്റെ, കണ്ണും മുഖവും ശരീരഭാഷയുമൊക്കെ ഒരു സാധാരണക്കാരന്റെ വൈകാരികമായ സൂക്ഷ്മ ഭാവങ്ങള്‍ കൃത്യമായി സംവേദനം ചെയ്യാന്‍ കഴിവുള്ളതാണ്. ചിത്രം അത് ഭംഗിയായി ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ അതിമാനുഷ വേഷങ്ങള്‍ ചെയ്ത് ആ സൂക്ഷ്മാംശങ്ങള്‍ നഷ്ടപ്പെടുത്താതിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി. മുളയടി രംഗമൊക്കെ അനായാസമായി കയ്യടി നേടുന്നുണ്ട്. ഒരു താരത്തിന് അത്തരം വേഷങ്ങള്‍ നിലനില്‍പ്പിന് ആവശ്യമായി വന്നേക്കാം, പക്ഷേ, എനിക്ക് പ്രേക്ഷക എന്ന നിലയില്‍ വരാനിരിക്കുന്ന ഒരു സൂപര്‍ താരത്തില്‍ നഷ്ടപ്പെട്ടു പോകാനിടയുള്ള സൂക്ഷ്മതകളെ കുറിച്ച് ചെറിയ ഉത്കണ്ഠ ഉണ്ട്.

സിനിമാറ്റോഗ്രഫിയാണ് ഏറ്റവുമാകര്‍ഷിച്ച ഒരു ഘടകം. പച്ചപ്പിനു നടുവിലെ ചെമ്മണ്‍പാതകളുടെ വിദൂര ദൃശ്യങ്ങള്‍ കണ്ണില്‍ നിന്നു മായുന്നില്ല. അതി മനോഹരമായി പഴയ തൃശ്ശൂരിനെ ദൃശ്യത്തിലാക്കിയിരിക്കുന്നു.. ശവമടക്കു രംഗത്തെ മഴയുടെ മനോഹാരിതയും എടുത്തു പറയേണ്ടത് തന്നെ.

ജോസ് ,ചെമ്പന്‍ വിനോദ് ആണ്.. ചില രംഗങ്ങളില്‍ അമിതാഭിനയത്തിലേക്ക് പോയതൊഴികെ തൃപ്തികരമായിത്തോന്നി. മറിയത്തിനെ അവതരിപ്പിച്ചത് നൈല ഇഷ.

കരുത്തയായ ഒരു സ്ത്രീയുടെ അവതരണത്തിന് ഞെളിഞ്ഞ നടപ്പും, കൈ വീശലും, കള്ളുകുടിയും എടാ പോടാ വിളിയും മാത്രം പോരാ. കരുത്തയായ സ്ത്രീയില്‍ ആകെ ജ്വലിക്കുന്ന ആ പെണ്‍ വീറിനെ അഭ്രപാളിയിലേക്കു പകര്‍ത്താന്‍ സിനിമക്കാര്‍ പുതിയ ഗവേഷണങ്ങള്‍ നടത്തുക തന്നെ വേണം.

അവസാന രംഗത്തെ ട്വിസ്റ്റ് കാണാന്‍ കഴിഞ്ഞില്ല. ഫ്‌ലൈറ്റിനു സമയമായതുകൊണ്ട് പത്തു മിനിറ്റു മുന്‍പ് തീയേറ്റര്‍ വിടേണ്ടി വന്നു. പതിവു ജോഷി സിനിമയുടെ ക്ലൈമാക്‌സ് എന്ന് തെറ്റി ധരിച്ച എനിക്കു പിശകി. വ്യത്യസ്തമാണ് ക്ലൈമാക്‌സ് എന്ന് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞു.

രണ്ടര മണിക്കൂര്‍ ഒന്നരയോ രണ്ടോ ആയി ചുരുക്കാമായിരുന്നു. ചിത്രത്തിനു പിന്നിലെ മറ്റു വിവാദങ്ങള്‍ സിനിമയുടെ കാഴ്ചക്കിടയില്‍ അലോസരമുണ്ടാക്കാന്‍ ഇട വന്നില്ല. നിയമമൊക്കെ ഉണ്ടല്ലോ ഇവിടെ.