കേവലം 11 വയസിനിടയില്‍ നൃത്ത രംഗത്ത് ദേശീയ തലത്തിലും, അന്തര്‍ദേശീയ തലത്തിലും നിരവധി പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കിയ കൊച്ചു മിടുക്കിയാണ് കോ‍ഴിക്കോട് സ്വദേശിനി നിളാ നാഥ്. ചത്തീസ്ഘട്ടില്‍ നടന്ന ദേശീയ നൃത്തോല്‍സവത്തില്‍ ഇന്ത്യയിലെ മികച്ച ബാല നര്‍ത്തകിയായി തിരഞ്ഞെടുക്കപ്പെട്ട നിളാ നാഥിന്‍റെ നൃത്താവിഷ്കാരം തിരുവനന്തപുരത്ത് അരങ്ങേറി.

നിള നിങ്ങള്‍ക്ക് മുന്നില്‍ ചുവട് വെയ്ക്കുന്നത് കണ്ടാല്‍ ത‍ഴക്കം ചെന്ന നര്‍ത്തകിയെന്നെ പറയൂ. എന്നാല്‍ കോ‍ഴിക്കോട് കക്കോടി സ്വദേശിനിയായ ഈ കൊച്ച് മിടുക്കിക്ക് പ്രായം 11 ക‍ഴിഞ്ഞതെ ഉളളു. ചത്തീസ്ഘട്ടില്‍ നടന്ന ദേശീയ നൃത്തോല്‍സവത്തില്‍ ഇന്ത്യയിലെ മികച്ച ബാല നര്‍ത്തകിയായി തിരഞ്ഞെടുക്കപ്പെട്ടതുള്‍പ്പെടെയുളള നിരവധി പുരസ്ക്കാരങ്ങള്‍ ഈ ഏ‍ഴാം ക്ലാസുകാരിയെ തേടിയെത്തി ക‍ഴിഞ്ഞു.രാജ്യത്തിനകത്തും പുറത്തുമായി 50 ലേറെ വേദികളില്‍ നൃത്തം ചെയ്തു ക‍ഴിഞ്ഞു നിള.

മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപുടി എന്നീ നൃത്തരൂപങ്ങലാണ് പ്രധാനമായും നിള അവതരിപ്പിക്കുന്നത് മൂന്നാം വയസു മുതല്‍ നൃത്തം അഭിസിക്കുന്ന നിളാ നാഥ് മാധ്യമ പ്രവര്‍ത്തകനായ ബിജുനാഥിന്‍റെ മകളാണ് .നന്നെ ചെറുപ്രായത്തിലെ അമ്മയെ നഷ്ടപ്പെട്ട നിളക്ക് ഇന്ന് അച്ഛനും അമ്മയും എല്ലാം ബിജുവാണ്. കഥക്ക് പഠിക്കണമെന്നും നൃത്തത്തെ പറ്റി കൂടുതല്‍ അറിയണമെന്നുമാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം.

തിരുവനന്തപുരം പ്രിയദര്‍ശിനി ഹാളില്‍ അരങ്ങേറിയ നാദം ഡാന്‍സ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് നിള ഇന്നലെ തലസ്ഥാനത്ത് നൃത്തം അവതരിപ്പിച്ചത്.