45-ാമത്‌ ജി7 ഉച്ചകോടി; കശ്‌മീർ വിഷയത്തില്‍ മോദി ട്രംപുമായി ചർച്ച നടത്തും

45–-ാമത്‌ ജി7 ഉച്ചകോടിക്ക്‌ ശനിയാഴ്‌ച ഫ്രാൻസിലെ ബിയറിറ്റ്‌സിൽ തുടക്കമായി. മൂന്ന്‌ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ അമേരിക്ക, ഫ്രാൻസ്‌, ബ്രിട്ടൺ, ജപ്പാൻ, ജർമനി, ഇറ്റലി, ക്യാനഡ എന്നീ ജി7 രാജ്യങ്ങളുടെ തലവന്മാർ പങ്കെടുക്കും. രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യപ്രശ്‌നങ്ങൾ ഞായറാഴ്‌ച ഉച്ചകോടിയിൽ ചർച്ചചെയ്‌തു. അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും പാശ്ചാത്യ സഖ്യകക്ഷികളുമായുള്ള ഭിന്നിപ്പുകളും ചര്‍ച്ചാവിഷയമായി.

ആഗോളവിഷയങ്ങൾക്കു പകരം നിസ്സാരവിഷയങ്ങളാണ്‌ ഉച്ചകോടിയിൽ ചർച്ചചെയ്യുന്നതെന്ന്‌ ട്രംപ്‌ ആരോപിച്ചിരുന്നു. എന്നാൽ, ഇതിനു വിപരീതമായി ആഗോളവ്യാപാര പ്രശ്നങ്ങൾ, ലിംഗസമത്വം, വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ വിഷയമായി. ചൈനയും അമേരിക്കയും തമ്മിൽ തുടരുന്ന വ്യാപാരയുദ്ധം ആഗോളതലത്തിൽ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ്‌ ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ്‌ എത്തിയത്‌. ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസണുമായി ചർച്ച നടത്തിയ ഡോണൾഡ്‌ ട്രംപ്‌, ബ്രെക്‌സിറ്റിനുള്ള ശരിയായ വ്യക്തിയാണ്‌ ബോറിസെന്ന്‌ പ്രതികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിലെത്തി. ജി7 ൽ ഇന്ത്യ അംഗമല്ലെങ്കിലും ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മക്രോണിന്റെ ക്ഷണപ്രകാരമാണ്‌ മോഡി ഉച്ചകോടിയിൽ പങ്കെടുക്കുക. കശ്‌മീർ വിഷയം, ഭീകരാക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ട്രംപുമായി അദ്ദേഹം ചർച്ച നടത്തും. ബോറിസ്‌ ജോൺസണുമായും മോഡി ചർച്ച നടത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel