ബിജെപി ഭരണത്തിൽ തകര്‍ന്നടിഞ്ഞ് പൊതുമേഖല

ഉദാരവൽക്കരണ നയം സ്വീകരിച്ചതിനുശേഷം രാജ്യത്തെ വൻകിട പൊതു–സ്വകാര്യ വ്യവസായ സംരംഭങ്ങൾ ഏറ്റവും രൂക്ഷമായ തകർച്ച നേരിട്ടത്‌ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ. 25 വർഷത്തിനിടെ 2013നും -18നുമിടയിൽ വിൽപ്പന വളർച്ചയിലും ലാഭത്തിലും വലിയ തിരിച്ചടി ഉണ്ടായി. ജീവനക്കാരുടെ ശമ്പള വർധനയിലും ഈ മെല്ലെപ്പോക്ക്‌ ദൃശ്യമായി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വിൽപ്പന വരുമാനത്തിലെ ശരാശരി വാർഷിക വർധന ആറ്‌ ശതമാനം മാത്രമായിരുന്നുവെന്ന്‌ സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ എക്കണോമിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 1993–94 മുതലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. 2002–2008 കാലയളവിൽ 21.2 ശതമാനമായിരുന്നു വർധന.

കഴിഞ്ഞ അഞ്ചുവർഷത്തെ പൊതുമേഖല സംരംഭങ്ങളുടെ വാർഷിക വിൽപ്പന വളർച്ച 2.6 ശതമാനം എന്ന കുറഞ്ഞ നിരക്കിലായിരുന്നു. സ്വകാര്യമേഖലയിൽ ഇത്‌ 6.5 ശതമാനമായിരുന്നു. ഇതേസമയം വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾ 13.6 ശതമാനം വിൽപ്പന വളർച്ച നേടി. നികുതി ഈടാക്കിയ ശേഷമുള്ള ലാഭത്തിൽ കഴിഞ്ഞ അഞ്ചുവർഷം ശരാശരി 4.7 ശതമാനത്തിന്റെ ഇടിവാണ്‌ ഓരോവർഷവും ഉണ്ടായത്‌. 2007 നും 13നും ഇടയിൽ 1.1 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയതാണ്‌ കൂപ്പുകുത്തിയത്‌.

കഴിഞ്ഞ അഞ്ചുവർഷം എത്ര വലിയ പ്രതിസന്ധി നേരിട്ടു എന്നത്‌ വ്യക്തമാക്കുന്ന കണക്കാണിത്‌. പൊതുമേഖലയാണ്‌ ഈ കാലയളവിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്‌. വിദേശ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക്‌ ലാഭത്തിൽ 12.2 ശതമാനം വളർച്ച ഓരോ വർഷവും നേടാനായി. ജീവനക്കാർക്കുള്ള വാർഷിക ശമ്പളവർധന 1992 മുതലുള്ളതിൽ ഏറ്റവും കുറഞ്ഞ നിരക്കായ 12.2 ശതമാനമായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here