ചിദംബരത്തിന് 12 വിദേശരാജ്യങ്ങളില്‍ നിക്ഷേപമുളളതായി കണ്ടെത്തല്‍; തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും ; കുരുക്കു മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഐഎന്‍എക്സ് മാക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെതിരെ പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. അതേസമയം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്കു വ്യെക്തമാക്കുന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.

ചിദംബരം വിദേശരാജ്യങ്ങളില്‍ കോടികളുടെ നിക്ഷേപം നടത്തിയതായി എന്‍ഫോഴ്സ്മെന്റ് വിഭാഗം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രാന്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന തുടങ്ങി 12 ഓളം വിദേശരാജ്യങ്ങളിലാണ് വിദേശനിക്ഷേപമുള്ളത്. ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. 15 പേജുള്ള പ്രത്യേക നോട്ടാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയില്‍ കൈമാറുക.

ചിദംബരം തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുന്നതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . ചിദംബരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നു.

ഐഎന്‍എക്സ് മാക്സ് മീഡിയ അഴിമതി കേസില്‍ സിബിഐ കസ്റ്റഡിയില്‍ വിട്ടതിനെ ചോദ്യം ചെയത് സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണിക്കും. അതിനിടെ അറസ്റ്റിലായ ചിദംബരം സമര്‍പ്പിക്കുന്ന മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയും പരിഗണിക്കുന്നുണ്ട്. അറസ്റ്റിലായ ചിദംബരത്തെ ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലെ സിബിഐ കോടതി നാലുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here