
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കുടുക്ക സമ്പാദ്യത്തിനൊപ്പം സ്വർണ കമ്മലും ഊരി നൽകി താരമായിരിക്കുകയാണ് ലിയാന തേജസ് എന്ന നാലാം ക്ലാസുകാരി. എറണാകുളം ടൗൺ ഹാളിൽ എം.എം ലോറൻസ് നവതി ആദരം ഉദ്‌ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്ന വിവരമറിഞ്ഞാണ് ലിയാന എത്തിയത്.
ഉദ്‌ഘാടനം കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങിയ മുഖ്യമന്ത്രി കാറിൽ കയറാൻ തുടങ്ങവേ ലിയാന ഓടിയെത്തി. കുടുക്ക പൊട്ടിച്ച പണം മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം ‘അങ്കിളേ ഇതുംകൂടി’ എന്നു പറഞ്ഞ് ഇരുകാതിലെയും കമ്മലുകളും ഊരി നൽകുകയായിരുന്നു ഈ മിടുക്കി.
അമ്മവീട്ടുകാർ സമ്മാനമായി നൽകിയതാണ് കമ്മൽ.കഴിഞ്ഞ പ്രളയകാലത്തും ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കുടുക്ക സമ്പാദ്യം നൽകിയിരുന്നു. അന്ന് നേരിട്ട് മുഖ്യമന്ത്രിയെ ഏൽപിക്കണമെന്ന ആഗ്രഹം നടക്കാതെ പോയതോടെ ഇക്കുറി നേരിട്ട് നൽകാനായി കാത്തിരിക്കുകയായിരുന്നു.
അപ്പോഴാണ് ഞായറാഴ്‌ച ടൗൺ ഹാളിൽ മുഖ്യമന്ത്രി എത്തുന്ന വിവരമറിഞ്ഞത്. ആലുവ സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂൾ വിദ്യാർഥിനിയാണ് ലിയാന. സിനിമാ പ്രൊഡക്‌ഷൻ കൺട്രോളർ തങ്കച്ചന്റെയും നേഴ്‌സായ സിനിമോളുടെയും മകളാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here