ആന്റിഗ്വ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. നാലാം ദിനം 419 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ രണ്ടാമിന്നിങ്സില്‍ 100 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 318 റണ്‍സിന്റെ ജയം സ്വന്തമാക്കി.

സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് 297, രണ്ടാം ഇന്നിങ്ങ്‌സില്‍ 7ന് 343 റണ്‍സ് ഡിക്ലയേര്‍ഡ്, വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്ങ്‌സില്‍ 222, രണ്ടാം ഇന്നിങ്ങ്‌സില്‍ 100ന് എല്ലാവരും പുറത്ത്. എട്ട് ഒവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂംമ്രയുടെ ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് തകരുകയായിരുന്നു.

38 റണ്‍സെടുത്ത കേമര്‍ റോച്ചാണ് വിന്‍ഡീസിന്റെ ടോപ്പ് സ്‌കോറര്‍. വിന്‍ഡീസ് നിരയില്‍ മൂന്ന് ബാറ്റ്സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്നു വിക്കറ്റുമായി ഇഷാന്ത് ശര്‍മ്മയും രണ്ട് വിക്കറ്റോടെ മുഹമ്മദ് ഷമിയും ബുംറയ്ക്ക് പിന്തുണ നല്‍കി. രണ്ടിന്നിങ്സിലുമായി ഇഷാന്ത് എട്ടു വിക്കറ്റ് വീഴ്ത്തി.

തോല്‍വി ഉറപ്പാക്കിയ ഘട്ടത്തില്‍ കെമര്‍ റോച്ചും മിഗ്വേല്‍ കമ്മിന്‍സും ചേര്‍ന്നു നടത്തിയ കണ്ണുംപൂട്ടിയുള്ള ആക്രമണമാണ് വിന്‍ഡീസ് സ്‌കോര്‍ 100ല്‍ എത്തിച്ചത്. 50 റണ്‍സിനിടെ ഒന്‍പതു വിക്കറ്റ് നഷ്ടമാക്കി നാണംകെട്ട തോല്‍വിയിലേക്കു നീങ്ങിയ വിന്‍ഡീസിന്, പത്താം വിക്കറ്റില്‍ റോച്ച്കമ്മിന്‍സ് സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്താണ് ആശ്വാസമേകിയത്. റോച്ച് 31 പന്തില്‍ ഒരു ബൗണ്ടറിയും അഞ്ചു സിക്‌സും സഹിതം 38 റണ്‍സെടുത്ത് ഏറ്റവുമൊടുവില്‍ പുറത്തായി.

നേരത്തെ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ് ഏഴിന് 343 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. രഹാനെ 102 റണ്‍സെടുത്ത് പുറത്തായി. ടെസ്റ്റിലെ പത്താം സെഞ്ച്വറി കുറിച്ച രഹാനെയുടെ ഇന്നിങ്‌സാണ് ഇന്ത്യയെ തുണച്ചത്. 235 പന്തില്‍ നിന്നായിരുന്നു രഹാനെയുടെ സെഞ്ചുറി. 93 റണ്‍സെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റ് വീണതോടെ ക്യാപ്റ്റന്‍ കോഹ്ലി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കോഹ്ലിയും (51) അര്‍ധ സെഞ്ച്വറി നേടി. അജിങ്ക്യ രഹാനെയാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 30ന് കിങ്സ്റ്റണില്‍ ആരംഭിക്കും.