പാലാ ഉപതെരഞ്ഞെടുപ്പ്: പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമിട്ട് എല്‍ഡിഎഫ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനം സജ്ജമാക്കി പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമിട്ട് എല്‍ഡിഎഫ്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളില്‍ യുഡിഎഫും എന്‍ഡിഎയും ഉടക്കി നില്‍ക്കുമ്പോഴാണ് ഇടതു മുന്നണി താഴേതട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കിയത്.

പാല ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ സിപിഐഎം നേതൃയോഗങ്ങള്‍ പാലായില്‍ ചേര്‍ന്നു. ജില്ലാ കമ്മറ്റിയംഗങ്ങള്‍, ജില്ലയിലെ ഏരിയാ കമ്മറ്റിയംഗങ്ങള്‍, പാല മണ്ഡലത്തിലെ ബൂത്ത് ചുമതലക്കാര്‍ എന്നിവരാണ് പാലായിലെ യോഗത്തില്‍ പങ്കെടുത്തത്.

മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ചുമതലകള്‍ നിശ്ചയിച്ച് നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി. പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ക്ക് ഇടതു മുന്നണി തുടക്കമിട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എല്‍ഡിഎഫിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം നടന്ന തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ പാലാമണ്ഡലത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. അതേ സമയം കേരളാ കോണ്‍ഗ്രസ് എമ്മിലെ പി ജെ ജോസഫ് , ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മിലുള്ള പോര് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുഡിഎഫിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കൂടിയാലോചനകള്‍ക്ക് മുമ്പെ പാലാ സീറ്റില്‍ ബിജെപി കണ്ണുവച്ചതിനാല്‍ എന്‍ഡിഎ ഘടകകക്ഷികളിലും അതൃപ്തിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here