പാലാരിവട്ടം പാലം അഴിമതി: കരാര്‍ കമ്പനി എംഡിയെ വിജിലന്‍സ് ചോദ്യം ചെയ്തു

പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ കരാര്‍ കമ്പനി എം ഡി സുമിത് ഗോയലിനെ വിജിലന്‍സ് ചോദ്യം ചെയ്തു.

കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു കേസിലെ ഒന്നാം പ്രതിയായ സുമിത് ഗോയലിനെ ചോദ്യം ചെയ്തത്.താന്‍ നിരപരാധിയാണെന്ന് സുമിത് ഗോയല്‍ വിജിലന്‍സിനെ അറിയിച്ചു.

പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ ഒന്നാം പ്രതിയായ സുമിത് ഗോയലിനെ രാവിലെ 11 മണിയോടെയാണ് വിജിലന്‍സ് ചോദ്യം ചെയ്യാനാരംഭിച്ചത്.

പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

രൂപ കല്‍പ്പനയും നിര്‍മ്മാണവും ഒരേ കമ്പനിക്ക് കരാര്‍ നല്‍കിയതിലും ദുരൂഹതയുണ്ടെന്നും വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

രൂപ കല്‍പ്പനയില്‍ വിട്ടുവീ‍ഴ്ച്ച ചെയ്ത് നിര്‍മ്മാണത്തിലൂടെ വന്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചതായും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പാലം നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത ആര്‍ ഡി എസ് കമ്പനി എം ഡി എന്ന നിലയില്‍ സുമിത് ഗോയലിന് ക്രമക്കേടില്‍ പങ്കുള്ളതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഒന്നാം പ്രതിയാക്കിയത്.

ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ സുമിത് ഗോയലിന് ക‍ഴിഞ്ഞില്ലെന്നാണ് വിവരം. താന്‍ നിരപരാധിയാണെന്നായിരുന്നു സുമിത് ഗോയലിന് വിജിലന്‍സിനോട് പറയാനുണ്ടായിരുന്നത്.

മൊ‍ഴി വിശദമായി പരിശോധിക്കുന്ന വിജിലന്‍സ് സുമിത് ഗോയലിനെ വീണ്ടും ചോദ്യം ചെയ്തേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിലും തൃപ്തികരമായ ഉത്തരം നല്‍കാന്‍ സുമിതിന് ക‍ഴിഞ്ഞില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് വിജിലന്‍സ് കടക്കുമെന്നാണ് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News