പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം ഓണത്തിനു മുമ്പ്: മന്ത്രി ടിപി രാമകൃഷ്ണന്‍

പ്രളയബാധിത കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പതിനായിരം രൂപയുടെ ധനസഹായം ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

പ്രളയത്തിലും ഉരുള്‍പൊട്ടലിലും ജില്ലയില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണത്തിനുള്ള നടപടികള്‍ ഇന്ന് പൂര്‍ത്തിയാവും. ജില്ലയില്‍ മരണപ്പെട്ട 17 പേരില്‍ 13 പേരുടെ കുടുംബാംഗങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ധനസഹായം വിതരണം ചെയ്യും. മറ്റുള്ളവരുടേത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായശേഷം വിതരണം ചെയ്യും.

അര്‍ഹരായവരുടെ പട്ടിക പരിശോധന പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ ഏഴിനകം പണം വിതരണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പതിനായിരം രൂപയുടെ ധനസഹായത്തിന് അര്‍ഹരായ 21,719 കുടുംബങ്ങളെയാണ് ജില്ലയില്‍ കണ്ടെത്തിയത്. കോഴിക്കോട് താലൂക്കില്‍ 16226, വടകരയില്‍ 2268, കൊയിലാണ്ടിയില്‍ 2289, താമരശ്ശേരിയില്‍ 966 എന്നിങ്ങനെയാണ് ധനസഹായത്തിന് അര്‍ഹരായവര്‍.

വില്ലേജ് ഓഫീസറും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാന സെക്രട്ടറിയും പരിശോധിച്ച് ഉറപ്പാക്കിയ അര്‍ഹതാ ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷമാകും സഹായ വിതരണം. അര്‍ഹരായ ആരും പട്ടികയില്‍ നിന്ന് വിട്ടു പോകാതിരിക്കാനും അനര്‍ഹര്‍ ഉള്‍പ്പെടാതിരിക്കാനും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

പ്രളയത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ഭാഗികമായി തകര്‍ന്നവര്‍ക്കും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ നഷ്ടപരിഹാരം ഉറപ്പാക്കും. ഇതിനുള്ള അന്തിമ പട്ടിക തയ്യാറായി വരികയാണ്. കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടം കണക്കാക്കി സര്‍ക്കാറിന് അതിവേഗം റിപ്പോര്‍ട്ട് നല്‍കാന്‍ കൃഷി ഓഫീസര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും അതിന് തദ്ദേശസ്ഥാപനങ്ങള്‍ മേല്‍നോട്ടം വഹിക്കണമെന്നം മന്ത്രി പറഞ്ഞു.

യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, സബ് കലക്ടര്‍ വിഘ്നേശ്വരി, അസിസ്റ്റന്റ് കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News