ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരത്തെ 4 ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സിബിഐ കോടതിയാണ് കസ്റ്റഡി ഈ മാസം 30 വരെ നീട്ടിയത്.

പുതിയ തെളിവുകൾ ലഭിച്ചെന്നും കൂട്ട് പ്രതികളെ ഒപ്പം ഇരുത്തി ചിദംബരത്തെ ചോദ്യം ചെയ്യണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു.

എൻഫോഴ്‌സ്‌മെന്റ് അറസ്റ്റിൽ സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നാളെയും വാദം കേൾക്കും

എൻഫോഴ്‌സ്‌മെന്റിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കൂട്ടു പ്രതികളെ ചിദംബരത്തിന് ഒപ്പം ഇരുത്തി ചോദ്യം ചെയ്യേണമെന്നും കാണിച്ചാണ് സിബിഐ 5 ദിവസത്തെ കസ്റ്റഡി കൂടി ആവശ്യപ്പെട്ടത്.

കഴിഞ്ഞ നാല് ദിവസത്തെ ചോദ്യം ചെയ്യലിന്റെ പുരോഗതി ആരാഞ്ഞ കോടതി നാല് ദിവസത്തെ കസ്റ്റഡിക്ക് അനുമതി നൽകുക ആയിരുന്നു. കസ്റ്റഡിയെ ചിദംബരം എതിർത്തു.

കഴിഞ്ഞ കസ്റ്റഡി അപേക്ഷയിൽ സിബിഐ പരാമർശിച്ച 5 മില്യൻ ഡോളർ പ്രതിഫലത്തെക്കുറിച്ച് ഒരു ചോദ്യവും ഉണ്ടായില്ലെന്ന് ചിദംബരത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഷെൽ കമ്പനികളെ കുറിച്ച് ചോദിച്ചില്ല. കേസ് സെന്സഷണലിസത്തിന് വേണ്ടിയാണെന്നും ചിദംബരം വാദിച്ചു. സിബിഐ പ്രത്യേക കോടതി ജഡ്ജ് അജയ് കുമാർ കുഹാറിന്റേതാണ് കസ്റ്റഡിയിൽ വിട്ടുള്ള ഉത്തരവ്.

ഇതിനിടെ എൻഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റിൽ നിന്നും ചിദംബരത്തിന്റെ ഇടക്കാല സംരക്ഷണം സുപ്രീംകോടതി നാളെത്തേക്ക് കൂടി നീട്ടി.

ഹർജിയിൽ നാളെയും വാദം തുടരുന്ന സാഹചര്യത്തിലാണ് പരിരക്ഷ നീട്ടിയത്. സിബിഐ അറസ്റ്റിൽ സംരക്ഷണം ആവശ്യപ്പെട്ടുള്ള ചിദംബരത്തിന്റെ ഹർജി സുപ്രീംകോടതി രാവിലെ തള്ളിയിരുന്നു