മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കാറിടിച്ചു മരിച്ച കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്റെ ജയില്‍ പ്രവേശം ഒഴിവാക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒത്തുകളിച്ചെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ശ്രീറാമിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയാണു നിര്‍ണായകമായത്. മൂന്നിനു പുലര്‍ച്ചെ ഒരു മണിയോടെ നടന്ന അപകടത്തിനു ശേഷം പൊലീസ് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

ഇവിടെ നിന്നു മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം കുമാരപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു പോയി. അവിടെ കാഷ്വല്‍റ്റി കെയര്‍ വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പ്രധാന ഡോക്ടറിന്റെയും അസിസ്റ്റന്റിന്റെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ആശുപത്രിയില്‍ വന്ന സമയത്തു ശ്രീറാമിനു ഗുരുതര പരുക്കുകളൊന്നും ഇല്ലായിരുന്നെന്നും അതിനാല്‍ അത്യാഹിത വിഭാഗത്തില്‍ സാധാരണ ചികിത്സ മാത്രമാണു നല്‍കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.