സച്ചിനേക്കാള്‍ കേമന്‍ കോഹ്ലിയോ?

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കളമൊഴിഞ്ഞ് ഗാലറിയിലേക്ക് മടങ്ങിയപ്പോള്‍ ലോകം മുഴുവന്‍ നിറകണ്ണുകളോടെയായിരുന്നു ആ കാഴ്ച്ച കണ്ടുനിന്നത്. ആ നഷ്ടബോധത്തിന്റെ ഭാരത്തിന് അയവ് വരുത്തിക്കൊണ്ട്, ഏറെ വൈകിക്കാതെ ഒരു പേര് ഉയര്‍ന്നുവന്നു. തന്മയത്വത്തോടെ ഒതുക്കത്തില്‍ ബാറ്റ് വീശിയിരുന്ന ആ മിടുക്കനാണ് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അമരക്കാരന്‍. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലടക്കം തന്റെ കഴിവ് തെളിയിക്കാന്‍ കോഹ്ലിക്ക് സാധിച്ചു.

ഏകദിനത്തില്‍ 10,000 റണ്‍സ് തികച്ചതടക്കം ഓരോ മാച്ചിലും ഓരോരോ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് കോഹ്ലി കളിക്കളത്തില്‍ വിസ്മയം തീര്‍ക്കുന്നത്. ക്രിക്കറ്റിലെ നേട്ടങ്ങള് ഓരോന്നായി സ്വന്തമാക്കി മുന്നേറുന്ന കോഹ്ലി ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ബാറ്റ്സ്മാന്‍ തന്നെയാണ്. ബാറ്റിംഗ് റെക്കോര്‍ഡുകള്‍ ഓരോന്നും സ്വന്തം പേരിനൊപ്പം ചേര്‍ത്തുവയ്ക്കുവാനുള്ള അസാമാന്യമായ കഴിവ് തന്നെയാണ് കോഹ്ലിയെ ക്രിക്കറ്റ് ഇതിഹാസം സച്ചിനുമായി താരതമ്യം ചെയ്യുവാനുള്ള പ്രധാന കാരണവും.

ആരാണ് മികച്ചതെന്ന അഭിപ്രായത്തില്‍ ക്രിക്കറ്റ് ആരാധകരും രണ്ട് തട്ടിലാണ്. ക്രിക്കറ്റിലെ ദൈവം എന്ന് വിശേഷിപ്പിക്കുന്ന സച്ചിന്‍ തന്നെയാണ് ഇപ്പോളും പലരുടേയും ഇഷ്ടതാരം. എന്നാല്‍, ചിട്ടയും ഒതുക്കവുമുള്ള കളിയിലൂടെ സച്ചിന്റെ റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ടിരിക്കുന്ന കോഹ്ലി തന്നെയാണ് മികച്ചതെന്ന അഭിപ്രായവും ക്രിക്കറ്റ് പണ്ഡിതന്മാര്‍ക്കിടയിലുണ്ട്.

എന്നാല്‍, രണ്ട് പേരും അതാത് കാലഘട്ടങ്ങളിലെ മികച്ച ബാറ്റ്സ്മാന്‍മാരാണെന്ന ചിന്താഗതിക്കാരാണ് മറ്റ് ചിലര്‍. ഇത്തരത്തില് വ്യക്തമായ വിലയിരുത്തല്‍ സാധ്യമല്ലാതെ തുടരുന്ന ചര്‍ച്ചാവിഷയമാണിത്. മികച്ച മുന്നേറ്റമാണ് കോഹ്ലി നടത്തുന്നതെങ്കിലും എല്ലാ തലമുറയുടേയും എക്കാലത്തേയും ആവേശം ഇപ്പോഴും സച്ചിന്‍ തന്നെയാണ്. എന്നാല്‍ ഈ സ്ഥാനത്തിന് കോഹ്ലിയിലേക്കുള്ള ദൂരം വളരെ അടുത്തുമാണ്.

78 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 25 സെഞ്ചുറിയും 21 അര്‍ധസെഞ്ചുറിയുമുള്‍പ്പെടെ 6673 റണ്‍സ് നേടി. 239 ഏകദിനങ്ങളില്‍ നിന്നുമായി 43 സെഞ്ചുറിയും 54 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 11520 റണ്‍സുണ്ട്. 70 ടി-20 മത്സരങ്ങളില്‍ നിന്നും 21 അര്‍ധസെഞ്ചുറികളുള്‍പ്പെടെ 2369 റണ്‍സും കോഹ്ലി നേടിയിട്ടുണ്ട്. സച്ചിന്റെ നേട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ കോഹ്ലി ഒരുപാട് വേഗത്തിലാണിത് സ്വന്തമാക്കിയിരിക്കുന്നതെന്ന് മനസിലാകും.

കൂടാതെ 30 വയസ് മാത്രം പ്രായമുള്ള കോഹ്ലിക്ക് ഇനിയും ഏറെ വര്ഷങ്ങളും ബാക്കിയുണ്ട്. ആയതിനാല് ശേഷിക്കുന്ന റെക്കോര്ഡുകള് മറികടക്കുക വളരെ എഴുപ്പമായിരിക്കും. എന്നാല്‍ മിക്ക മത്സരങ്ങളിലും സച്ചിന്‍ സാഹചര്യത്തിനനുസരിച്ചായിരുന്നു ഇറങ്ങിയിരുന്നത്. അഞ്ചാമതോ ആറാമതോ ആയി സച്ചിന്‍ നിരവധി തവണ ക്രീസിലെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ താരതമ്യേന മത്സരങ്ങള്‍ കൂടുമ്പോളും ഇന്നിംഗ്സിന്റെ ദൈര്‍ഘ്യം വളരെ കുറവ് മാത്രമെ ലഭിച്ചിരുന്നുള്ളു.

വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണന്‍ തുടങ്ങിയ മികച്ച ബാറ്റ്സമാന്‍മാരുള്ള ഒരു ടീമിലേക്കായിരുന്നു കോഹ്ലി കടന്നു വന്നത്. എന്നിട്ടും തന്റെ ബാറ്റിംഗ് ശൈലി കൊണ്ട് ടീമിലെ സ്ഥിരസാന്നിധ്യമായി മാറാന്‍ കോഹ്ലിക്ക് കഴിഞ്ഞു. സച്ചിന്റേയും ധോണിയുടേയും പിന്നില്‍ ഒളിച്ച കോഹ്ലി വളരെ പതുക്കെ വെളിച്ചത്തിലേക്ക് വരികയായിരുന്നു. കോഹ്ലി മികച്ച പ്രകടനം കാഴ്ച്ചവെച്ച എല്ലാ കളികളും ഇന്ത്യ വിജയിച്ചിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം അവരുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സച്ചിനോ കോഹ്ലിയോ മികച്ചതെന്ന വിഷയത്തില്‍ ഒരു സര്‍വ്വേ നടത്തി. സര്‍വ്വേയില്‍ അഭിപ്രായം രേഖപ്പെടുത്തിയത് അഞ്ച് പ്രമുഖ ഓസീസ് താരങ്ങളായിരുന്നു. അഞ്ചില്‍ മൂന്ന് പേരും കോഹ്ലി മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ രണ്ട് പേര്‍ സച്ചിനൊപ്പം നിന്നു. പീറ്റര്‍ ഹാന്‍ഡ്സ്‌കോബ്, ജോഷ് ഹേസല്‍ വുഡ്, മൈക്കള്‍ സ്വപ്സണ്‍, മാത്യു റെന്‍ ഷാ, സ്റ്റീവന്‍ ഒക്കീഫ് എന്നിവരാണ് അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത താരങ്ങള്‍.

സച്ചിന്‍ നേരിട്ട ലോകോത്തര നിലവാരത്തിലുള്ള ഒരു ബൗളറെ പോലും കോഹ്ലി ഇതുവരെ നേരിട്ടിട്ടില്ല എന്നതും വിലയിരുത്തപ്പെടേണ്ടതാണ്. മഗ്രാത്ത്, വസിം അക്രം, വാഖിയര്‍ യൂനിസ്, അക്വിബ് ജാവേദ്, ഷോയിബ് അക്തര്‍, ഷെയിന്‍ വോണ്‍ ഇങ്ങനെ നീളുന്ന ബൗളിംഗ് മാന്ത്രികരുടെ കാലഘട്ടത്തില്‍ സച്ചിന്‍ നേടിയ ഓരോ റണ്‍സും അത്യധികം മൂല്യവത്തായതാണെന്ന കാര്യവും താരതമ്യം ചെയ്യപ്പെടുമ്പോള്‍ ഓര്‍ക്കേണ്ട വസ്തുതകളാണ്. ഇതെല്ലാമാണെങ്കിലും സച്ചിന്‍ തന്റെ കരിയറില്‍ നേടിയെടുത്ത നേട്ടങ്ങളും റെക്കോര്‍ഡുകളും കോഹ്ലി തിരുത്തിക്കുറിക്കുന്നത് ഇരട്ടി വേഗത്തിലാണ്. എല്ലാത്തിനുമുള്ള ഈ വേഗത തന്നെയാണ് കോഹ്ലി കേമനോ എന്ന ചിന്തക്ക് വഴിയൊരുക്കുന്നതും.

സച്ചിനോ കോഹ്ലിയോ എന്നതില്‍ പ്രസക്തിയില്ല. രണ്ടാളും രണ്ട് കാലഘട്ടത്തിലെ ഇതിഹാസമാണ്. സച്ചിനൊപ്പം എത്താന് കോഹ്ലിക്ക് ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. സച്ചിനൊപ്പം നിന്ന് കളിച്ച

പ്രമുഖ ലോകോത്തര ക്രിക്കറ്റ് താരങ്ങള്‍ കോഹ്ലിക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ :

സച്ചിന്‍ എന്നത് ഒരു വികാരമായിരുന്നു, കോഹ്ലി എന്നത് അനുഭവവും. -സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഇതിഹാസ താരമാകാന്‍ നിങ്ങള്‍ക്ക് കോഹ്ലിക്കുള്ളതുപോലെ മനോഭാവം ആവശ്യമുണ്ട് -സുനില്‍ ഗവാസ്‌കര്‍

ഒരു ജീനിയസിനോട് തോല്‍ക്കുന്നതില്‍ നിങ്ങള്‍ മോശം വിജാരിക്കേണ്ടതില്ല, കോഹ്ലി അത്തരത്തിലുള്ള ഒരു ജീനിയസ്സാണ്. -മൈക്കള്‍ വോണ്‍ (മുന്‍ ഇംഗ്ലണ്ട് നായകന്‍)

ടീം എങ്ങനെ കളിക്കുന്നു എന്നറിയാന്‍ നിങ്ങള്‍ ചുമ്മാ കോഹ്ലിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയാല്‍ മതി. -നാസര്‍ ഹുസൈന്‍ (മുന്‍ ഇംഗ്ലണ്ട് നായകന്‍)

കോഹ്ലിയുടെ നേട്ടങ്ങള്‍ നിങ്ങള്‍ ഒരിക്കലും അത്ഭുതപ്പെടുത്തില്ല, എന്നാല്‍ അയാളുടെ തോല്‍വി നിങ്ങളെ അത്ഭുതപ്പെടുത്തും. -സഞ്ജയ് മഞ്ജരേക്കര്‍ (മുന്‍ ഇന്ത്യന്‍ താരം)

ഉറങ്ങുമ്‌ബോള്‍ പോലും അയാള്‍ക്ക് റണ്‍സ് അടിച്ചുകൂട്ടാനാകും, മാത്രമല്ല ബാറ്റെടുക്കാന്‍ മറന്നാലും അയാള്‍ റണ്‍സ് സ്‌കോര്‍ ചെയ്യും. -ഹര്‍ഷ ഭോഗ്ലെ (ഇന്ത്യന്‍ ക്രിക്കറ്റ് കമന്റേറ്റര്‍)

വിരാട് ബാറ്റ് ചെയ്യുന്നത് കാണാന്‍ എനിക്കിഷ്ടമാണ്. അയാള്‍ എന്നെത്തന്നെയാണ് ഓര്‍മിപ്പിക്കുന്നത്. -വിവ് റിച്ചാര്‍ഡ്സ് (മുന്‍ വിന്‍ഡീസ് താരം)

അവിശ്വസനീയമാണ് അയാളുടെ ബാറ്റിംഗ്, മറ്റൊന്നും പറയേണ്ട കാര്യമില്ല. -ബ്രയാന്‍ ലാറ (മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News