നരേന്ദ്രമോദി അനുകൂല പ്രസ്താവന നടത്തിയ ശശി തരൂര്‍ എംപിക്കെതിരെ നടപടി വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നു. മോദിയെ സ്തുതിക്കേണ്ടവര്‍ക്കു ബിജെപിയിലേക്കു പോകാമെന്നു കെ. മുരളീധരന്‍ എംപി തുറന്നടിച്ചു. ശശി തരൂര്‍ വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വരണമെന്നില്ലെന്നും തരൂരിനെതിരെ കര്‍ശനനടപടി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യപ്പെടുമെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാല്‍ തരൂരിന്റെ പ്രസ്താവനയെ തള്ളി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് തരൂര്‍ സ്വരം കടുപ്പിച്ചതും വിമര്‍ശനത്തിനും ഇടയാക്കി. ആയിരം തെറ്റുകള്‍ ചെയ്തിട്ട് ഒരു ശരി ചെയ്തുവെന്ന് പറഞ്ഞ് മോദിയെ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്നും മോദിയുടെ ഭരണം ഇന്ത്യയിലെ ജനങ്ങള്‍ക്ക് അസ്വീകാര്യമാണെന്നും പറഞ്ഞ ചെന്നിത്തല തരൂരിന്റെ പരാമര്‍ശം തള്ളി. എന്നാല്‍ തന്നെ പഠിപ്പിക്കാന്‍ ആരും വരേണ്ടെന്നായിരുന്നു തരൂരിന്റെ മറുപടി. മോദിയുടെ നല്ല കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യത കുറയും. പാര്‍ട്ടിയെ അത് ദോഷകരമായി ബാധിക്കുമെന്നും തരൂര്‍ പറഞ്ഞു.