
നാട്ടില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ഉള്ളത് കൊണ്ട് മാത്രം പഠനമാരംഭിക്കാന്‍ കഴിഞ്ഞയാളാണ് ഞാന്‍. അത് മഹാഭാഗ്യമായിട്ടാണ് ഇപ്പോള്‍ തോന്നുന്നത്. ഈ നാടിനേക്കുറിച്ചും ഈ സമൂഹത്തേക്കുറിച്ചുമുള്ള എന്റെ നിലപാടുകളുടെ അടിത്തറരൂപപ്പെടുത്തിയത്, ഞാന്‍ പഠിച്ച, പരിമിതികളുടെ നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന എന്റെ സ്‌കൂളാണ്. ഡോക്ടറല്‍ ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയശേഷം മുന്‍ എംപി ഡോ. പികെ ബിജു എഴുതിയ ഫേസ്ബുക്ക് കുറിപ്പാണിത്. തന്റെ കൈപ്പേറിയ ജീവിതാനുഭവങ്ങളില്‍ താങ്ങായും തണലായും നിന്ന് കൈപിടിച്ചുയര്‍ത്തിയവരെ ഓര്‍ക്കുകയാണ് പികെ ബിജു.
മുന്‍ എംപി പികെ ബിജുവിന്റ ഫെയ്‌സ്ബുക്ക് കുറിപ്പ്:
ജീവിതത്തില്‍ വളരെയേറെ സന്തോഷം തോന്നുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വമായി മാത്രം ഉണ്ടാവുന്നതാണ്. അത്തരമൊരു അപൂര്‍വ്വ സന്ദര്‍ഭമാണിത്. വിദ്യാഭ്യാസഘട്ടം ഒരു വൃത്തം പൂര്‍ത്തിയാക്കിയിരിക്കുന്നു. 1979 ല്‍ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായി ചേര്‍ന്നത് മുതല്‍ രസതന്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടുന്നവരെയുള്ള ഈ യാത്രയില്‍ കടന്നുപോയ വഴികളത്രയും ഓര്‍മ്മയില്‍ വരികയാണ്.
കഠിനവും കണ്ണുനീരിന്റെ നനവ് പടര്‍ന്നതുമായിരുന്നു അതിന്റെ ദിശാസന്ധികള്‍. വീണുപോകുമായിരുന്ന ഇടങ്ങളിലെല്ലാം കൈപിടിച്ച് നയിച്ചവര്‍ നിരവധിയുണ്ട്. ഡോക്ടറല്‍ ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് അവാര്‍ഡ് ചെയ്ത് അത് കയ്യിലേറ്റുവാങ്ങുമ്പോള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആ മുഖങ്ങള്‍ മനസില്‍ മിന്നിമറയുകയാണ്.
എന്റെ മാതാപിതാക്കള്‍ ആഗ്രഹിച്ച സ്‌കൂളില്‍ എന്നെ അവര്‍ക്ക് ചേര്‍ക്കാനായില്ല. നാട്ടില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ ഉള്ളത് കൊണ്ട് മാത്രം പഠനമാരംഭിക്കാന്‍ കഴിഞ്ഞയാളാണ് ഞാന്‍. അത് മഹാഭാഗ്യമായിട്ടാണ് ഇപ്പോള്‍ തോന്നുന്നത്. ഈ നാടിനേക്കുറിച്ചും ഈ സമൂഹത്തേക്കുറിച്ചുമുള്ള എന്റെ നിലപാടുകളുടെ അടിത്തറരൂപപ്പെടുത്തിയത്, ഞാന്‍ പഠിച്ച, പരിമിതികളുടെ നടുവില്‍ പ്രവര്‍ത്തിച്ചിരുന്ന എന്റെ സ്‌കൂളാണ്. അറിവിന്റെ വെളിച്ചത്തിലേക്ക് ഞങ്ങളുടെ കണ്ണുകള്‍ തുറന്നുതന്ന അവിടത്തെ അധ്യാപകരെ നന്ദിയോടെ സ്മരിക്കുന്നു.
എന്നെ സ്‌നേഹിച്ച പലരും അനുകമ്പയോടെ നല്‍കിയ പഴയ ഉടുപ്പുകളും പഴയ പുസ്തകങ്ങളുമാണ് എന്റെ സ്‌കൂള്‍ ജീവിതത്തെ മുന്നോട്ട് നയിച്ചത്. അവര്‍ സ്‌നേഹപൂര്‍വ്വം നല്‍കിയ കഞ്ഞിയും പുഴുക്കും ഞാനെന്ന വിദ്യാര്‍ത്ഥിയുടെ വളര്‍ച്ചക്കും പഠനത്തിനും നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. നമ്മളാരും ഒറ്റക്കല്ല എന്ന് ആ മനുഷ്യര്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. ഒരു സ്ഥലമല്ല ഒരു നാട്, ആ സ്ഥലത്തെ മനുഷ്യരാണ്. പരസ്പരം ചേര്‍ത്തുവയ്ക്കപ്പെട്ട അവരുടെ കരങ്ങളെയാണ് ഞാന്‍ എന്റെ ഗ്രാമമായി ഓര്‍ക്കുന്നത്.
പത്താംക്ലാസ് പാസായ ശേഷം പഠനം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാതെ വഴിമുട്ടിയ എന്നെ പ്രീഡിഗ്രി പഠനത്തിന് മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളേജില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ സഹായിച്ചത് മോഹനേട്ടനായിരുന്നു. അധ്യാപകനായ സ്‌കറിയാ മാത്യു സാര്‍, ആരും അറിയാതെ പുസ്തകങ്ങള്‍ വാങ്ങി നല്‍കിയ, എന്റെ അധ്യാപകനും വിന്‍സന്റ് ഡി പോള്‍ സെസൈറ്റി അംഗവുമായിരുന്ന സുധാകരന്‍ സാര്‍… ആ രണ്ട് വര്‍ഷം താണ്ടാന്‍ എനിക്ക് തണലൊരുക്കിയവരുടെ പട്ടിക ഇവരിലൊതുങ്ങില്ല.
ഒരു പ്രായം വരെ വീട്ടിലെ മണ്ണെണ്ണ വിളക്കിലായിരുന്നു എന്റെ പഠനം. മുതിര്‍ന്ന ക്ലാസിലെത്തിയതോടെ അയല്‍പക്കത്തെ തോമസ്‌ചേട്ടന്‍ ഇതിനൊരു പരിഹാരമൊരുക്കി. അദ്ദേഹത്തിന്റ വീടിന്റെ ടെറസില്‍ എനിക്ക് രാത്രിയില്‍ ഇരുന്ന് പഠിക്കാന്‍ സൗകര്യമൊരുക്കിത്തന്നു. അവിടെ വൈദ്യുതവിളക്ക് തെളിച്ച് തരികയും ചെയ്തു അദ്ദേഹം. അങ്ങനെ എത്രയോ മുഖങ്ങള്‍…ഇവര്‍ക്കെല്ലാം അര്‍ഹതപ്പെട്ടതാണ് ഈ സര്‍ട്ടിഫിക്കറ്റ്.
നിര്‍ധനനായ എന്നെ വിദ്യാഭ്യാസമുള്ള പൊതുപ്രവത്തകനാക്കിയ എന്റെ പ്രിയപ്പെട്ട നാട്ടുകാര്‍, എന്നെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്ത അധ്യാപകര്‍, പ്രതിസന്ധികളില്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ച എന്റെ സഹപാഠികള്‍, ദാരിദ്ര്യത്തോടും ഇല്ലായ്മയോടുമുള്ള പോരാട്ടത്തില്‍, നമ്മളൊന്നാണ് ഈ മണ്ണില്‍ എന്നോര്‍മ്മിപ്പിച്ച് കൂടെ നിന്ന സഖാക്കള്‍, എല്ലാത്തിനുമുപരിയായി എന്റെ കരുത്തും ശക്തിയുമായി നിന്ന് , രാവും പകലുമില്ലാതെ ഞങ്ങള്‍ക്ക് വേണ്ടി വെയിലത്തും മഴയത്തും കഷ്ടപ്പെട്ട, കര്‍ഷകത്തൊഴിലാളികളായ എന്റെ മാതാപിതാക്കള്‍…
അവരുടേതാണ് ഈ ഡോക്ടറേറ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here