കെവിൻ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്

കെവിൻ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. പ്രതികളുടെ ശിക്ഷയിൻമേലുള്ള വാദം കഴിഞ്ഞ 22 ന് പൂർത്തിയായ സാഹചര്യത്തിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. കെവിൻ വധക്കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് തന്നെയെന്ന് കോടതി നിരീക്ഷണം.

കെവിൻ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കരുതെന്നാണ് പ്രതികളുടെ ശിക്ഷയിൻമേലുള്ള വാദം നടന്നപ്പോൾ പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. എന്നാൽ ദുരഭിമാനക്കൊലയെങ്കിൽ അപൂർവ്വങ്ങളിൽ അപൂർവമായി പരിഗണിക്കേണ്ടി വരില്ലേയെന്ന് കോടതി ചോദിച്ചു. ഇതോടെ വധശിക്ഷ ഒഴിവാക്കി, കുറഞ്ഞ ശിക്ഷകൾ നൽകണമെന്ന ആവശ്യമാണ് പ്രതിഭാഗം അഭിഭാഷകർ ഉന്നയിച്ചത്. ഒപ്പം കെവിന്റേത് കൊലപാതകമല്ലെന്നും മുങ്ങിമരണമാണെന്ന വാദവും പ്രതിഭാഗം ഉയർത്തി.

എന്നാൽ ദുരഭിമാന കൊല പ്രത്യേക കേസായാണ് സുപ്രീം കോടതി കാണുന്നതെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും, അല്ലാത്ത പക്ഷം വ്യത്യസ്ത കുറ്റകൃത്യങ്ങളിൽ പ്രത്യേകമായി ശിക്ഷകൾ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ 22 ന് നാടകീയമായ രംഗങ്ങൾക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. കോടതി നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതികൾക്ക് എന്തെങ്കിലും പറയുവാനുണ്ടോയെന്ന് കോടതി തിരക്കി. മുഖ്യപ്രതി ഷാനു ചാക്കോ പറയുവാനുള്ള കാര്യങ്ങൾ എഴുതി നൽകിയപ്പോൾ മറ്റ് പ്രതികൾ കുടുംബ പ്രാരാബ്ദങ്ങൾ വിവരിച്ച് കരുണ കാണിക്കണമെന്ന് കോടതിയോട് പറഞ്ഞു.

കെവിൻ വധം ദുരഭിമാന കൊലയാണെന്ന് കോടതി കണ്ടെത്തിയതോടെ, കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിച്ചേക്കാമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here