ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളില്‍ ഒന്നായ ആമസോണ്‍ കാട്ടുതീയില്‍ എരിഞ്ഞമരുകയാണ്. ബ്രസീലിയന്‍ ഭരണകൂടവും ഖനന മാഫിയയും ഒത്തു കളിക്കുന്നതാണ് തീയണയ്ക്കാത്തതിന്റെ മുഖ്യ കാരണമെന്ന് ലോക രാഷ്ട്രങ്ങള്‍ സമ്മര്‍ദ്ദം ഉയര്‍ത്തിയത്തിന്റെ ഫലമാണ് ഇന്ന് കാട്ടുതീ അണയ്ക്കാന്‍ സൈന്യത്തെ ബ്രസീല്‍ ചുമതലപ്പെടുത്താന്‍ കാരണം.

വനം വെട്ടി തെളിച്ച് കൃഷി ഭൂമിയായി മാറ്റാനുള്ള ബ്രസീല്‍ സര്‍ക്കാരിന്റെ താല്‍പര്യം ചെന്നെത്തിക്കുന്നത് വന്‍ വിപത്തിലേക്ക് ആണ്. ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ പൂര്‍ണമായും കത്തി നശിച്ചാല്‍ ഉണ്ടാകാന്‍ പോകുന്നത് ഗുരുതരമായ അവസ്ഥയാണ്. ലോകത്തിന് മുഴുവന്‍ ആവശ്യമായ ഓക്‌സിജന്റെ 20% ഉല്‍പ്പാദിപ്പിക്കുന്നത് ആമസോണ്‍ കാടുകള്‍ ആണ്. ലോകത്തെ വലിയ ജൈവ വൈവിധ്യമായ ആമസോണ്‍ കാട് 30% ജീവികളുടെ ആവാസ വ്യവസ്ഥ കൂടിയാണ്.

മരണകാരണമായ നിരവധി രോഗങ്ങള്‍ക്കുള്ള ഔഷധങ്ങളുടെ കലവറയാണ് തെക്കേ അമേരിക്കന്‍ വന്‍കരയിലെ ഈ മഴക്കാട്. ആമസോണ്‍ വനത്തിന്റെ നാശം ലോകത്തിന്റെ നാശത്തിന് തന്നെ കാരണമാകും എന്ന മുന്നറിയിപ്പാണ് ശാസ്ത്ര ലോകം നല്‍കുന്നത്. കാട് വെട്ടി തെളിച്ച് നടത്തുന്ന കൃഷിയും കാട്ടുതീയും ഓരോ നിമിഷവും മൂന്ന് ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലുപ്പത്തിന്റെ അളവില്‍ ആമസോണ്‍ കാടുകളെ ഇല്ലാതാക്കുന്നുണ്ട്. ദക്ഷിണ അമേരിക്കയുടെ 40% വരുന്ന ആമസോണ്‍ വനത്തിന്റെ നാശം കാലാവസ്ഥയില്‍ വരുത്തുന്ന അപകടം ചെറുതായിരിക്കില്ല. സൗത്ത് അമേരിക്കയുടെ സാമ്പത്തികത്തിന്റെ നട്ടെല്ലായ ആമസോണ്‍ ലോകത്തെ 8.5 ലക്ഷം ടണ്‍ കാര്‍ബണ്‍ ശുദ്ധീകരിക്കുന്നു.

1978 മുതല്‍ മനുഷ്യന്‍ മാത്രം നശിപ്പിച്ചത് 7.5 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ആമസോണ്‍ വനഭൂമിയാണ്. ഈ നില തുടര്‍ന്നാല്‍ അടുത്ത നൂറ് വര്‍ഷത്തിനകം ആമസോണ്‍ വനം പൂര്‍ണമായും ഇല്ലാതാകും. ഇതിന്റെ ആദ്യ ഫലമെന്നോണം ഇല്ലാതാകുന്നത് ലോകത്തെ ഏറ്റവും വലിയ ജൈവ വൈവിധ്യമായിരിക്കും. ഇത് പ്രകൃതിയുടെയും ജൈവ ശൃംഖലയുടെയും താളം തെറ്റിക്കും.

ലോകത്തെ നൂറിലധികം വിഭാഗത്തിലുള്ള മരുന്നുകള്‍ നിര്‍മിക്കുന്നത് ആമസോണ്‍ വനത്തില്‍ നിന്ന് ലഭിക്കുന്ന വസ്തുക്കളില്‍ നിന്നാണ്. കേവലം ആയുര്‍വേദ മരുന്നുകള്‍ മാത്രമല്ല. ക്യാന്‍സറിന് ഉള്‍പ്പടെ ചികിത്സിക്കുന്ന വളരെ അമൂല്യമെന്ന് ഡബ്ലിയുഎച്ച്ഒ വിലയിരുത്തിയ മരുന്നുകളും ഇവിടെ നിന്ന് ലഭിക്കുന്ന വസ്തുക്കളില്‍ നിന്ന് തന്നെ ആണ് നിര്‍മിക്കുന്നത്. ഇത്രയും കണ്ടെത്തിയത് ആമസോണിന്റെ അഞ്ച് ശതമാനം മാത്രം നടത്തിയ പരീക്ഷണങ്ങളില്‍ നിന്നാണ്. ബാക്കി വരുന്ന വനത്തില്‍ നിന്ന് കണ്ടെത്താന്‍ ഇനിയും എത്രയോ അധികം.

ആമസോണ്‍ ഇല്ലാതായാല്‍ ഉണ്ടായേക്കാവുന്ന മറ്റൊരു വന്‍ വിപത്താണ് അസാധാരണ കാലാവസ്ഥാ വ്യതിയാനം. ലോകത്തിന് ആവശ്യമായ 20 ശതമാനം ഓക്‌സിജന്‍ നല്‍കുന്ന ആമസോണ്‍ പിന്നീട് അതേ അളവില്‍ കാര്‍ബണ്‍ പുറന്തള്ളാന്‍ തുടങ്ങും. എന്നാല് പ്രതീക്ഷ പൂര്‍ണമായും നശിച്ചിട്ടില്ല. ആമസോണ്‍ വനത്തിനു നേരെ നടക്കുന്ന ആക്രമണം അവസാനിപ്പിച്ചാല്‍ മനുഷ്യ സഹായം ഇല്ലാതെ തന്നെ വനം അതിന്റെ പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചെത്തും.