പാലാ ഉപതെരഞ്ഞെടുപ്പ്; പത്രികകള്‍ നാളെ  മുതല്‍ സ്വീകരിക്കും

പാലാ നിയമസഭാ നിയോജക മണ്ഡലത്തില്‍ സെപ്റ്റംബര്‍ 23ന് നടക്കുന്ന തെരഞ്ഞെടുപ്പിന് നാളെ (ഓഗസ്റ്റ് 28) വിജ്ഞാപനം പുറപ്പെടുവിക്കും. നാളെ മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.

പത്രികാ സമര്‍പ്പണം

കോട്ടയം കളക്ടറേറ്റില്‍ ഉപതരിഞ്ഞെടുപ്പിന്റെ വരണാധികാരിയായ റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ക്കും ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഉപവരണാധികാരിയായ ളാലം ബി.ഡി.ഒയ്ക്കും പത്രിക നല്‍കാം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയാണ് സമയം.

പോളിംഗ് കേന്ദ്രങ്ങള്‍

ലോകസ്ഭാ തിരഞ്ഞെടുപ്പിലേതുപോലെതന്നെ 176 പോളിംഗ് കേന്ദ്രങ്ങളാണ് ഉപതിരഞ്ഞെടുപ്പിന് സജ്ജീകരിക്കുക. വോട്ടിംഗ് യന്ത്രവും വി.വി.പാറ്റ് യന്ത്രവും ഉപയോഗിച്ചാകും തിരഞ്ഞെടുപ്പ്. യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന സെപ്റ്റംബര്‍ മൂന്നിന് ഏറ്റുമാനൂര്‍ സത്രം കോമ്പൗണ്ടിലുള്ള ഇ.വി.എം വെയര്‍ഹൗസില്‍ നടക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന.

ആകെ 177550 വോട്ടര്‍മാര്‍

മണ്ഡലത്തില്‍ 87036 പുരുഷന്‍മാരും 90814 സ്ത്രീകളും ഉള്‍പ്പെടെ ആകെ 177550 വോട്ടര്‍മാരാണുള്ളത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് ഈ മാസം (ഓഗസ്റ്റ്) 25 വരെ ലഭിച്ച 4320 അപേക്ഷകളും ഉപതിരഞ്ഞെടുപ്പിനായി പരിഗണിക്കും. ഇതില്‍ 2499 അപേക്ഷകളാണ് പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. തിരുത്തല്‍, ഒഴിവാക്കല്‍, പോളിംഗ് ബൂത്ത് മാറ്റം തുടങ്ങിയവയ്ക്കുള്ള അപേക്ഷകളാണ് ബാക്കിയുള്ളവ.

പെരുമാറ്റച്ചട്ടം

ഓഗസ്റ്റ് 25ന് കോട്ടയം ജില്ലയില്‍ നിലവില്‍ വന്ന പെരുമാറ്റച്ചട്ടം സെപ്റ്റംബര്‍ 29 വരെ നിലവിലുണ്ടായിരിക്കും. സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോട്ടയം ജില്ലയില്‍ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.

ചിലവാക്കാവുന്നത് 28 ലക്ഷം രൂപ

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് പരമാവധി ചിലവഴിക്കാവുന്ന തുക 28 ലക്ഷം രൂപയാണ്. പൊതു സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ സാമഗ്രികളും ചിഹ്നങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനമുണ്ട്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുള്ള പരിശീലനം ഓഗസ്റ്റ് 30ന് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

ഹരിതചട്ടപാലനം

പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് ഉപതിരഞ്ഞെടുപ്പ് നടത്തുക. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ അധ്യക്ഷതയില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. സുഗമവും സമാധാന പരവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സഹകരണം തേടി.

ചിലവ് പരിധിയും പെരുമാറ്റച്ചട്ടവും പാലിക്കുന്നതില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ശ്രദ്ധിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ചെലവു നിരക്കു സംബന്ധിച്ച പട്ടിക പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് വിതരണം ചെയ്തു.

എ.ഡി.എം അലക്‌സ് ജോസഫ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ പി.പി. പ്രേമലത, ഡെപ്യൂട്ടി കളക്ടര്‍(ആര്‍.ആര്‍) ശാന്തി എലിസബത്ത്, മറ്റ് ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News