ഇന്ന് മഹാത്മാ അയ്യൻ കാളിയുടെ 156-ാം ജന്മദിനം; കേരളത്തിലെ അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചനത്തിനുവേണ്ടി അടരാടിയ മഹത് വ്യക്തി

ജാതീയതയ്ക്കെതിരായ പോരാട്ടത്തിന്റെ നായകനെ ദളിത് ശോഷൺ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അനുസ്മരിക്കുന്നു:

മഹാത്മാ അയ്യൻകാളിയുടെ 156-ാമത് ജന്മദിനമാണ് നാം ആചരിക്കുന്നത്. കേരളത്തിലെ അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചനത്തിനുവേണ്ടി അടരാടിയ മഹത് വ്യക്തിയായിരുന്നു അദ്ദേഹം. നൂറ്റാണ്ടുകളോളം ജാതീയമായ അടിമത്തം അടിച്ചേൽപ്പിക്കപ്പെട്ട ജനതയ്‌ക്ക് മോചനം ലഭിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടം തന്റെ ജീവിതത്തിലുടനീളം അയ്യൻകാളി പ്രാവർത്തികമാക്കുകയായിരുന്നു.

അധഃസ്ഥിത ജനവിഭാഗങ്ങളെ ഒന്നിപ്പിച്ചു
1863 ആഗസ്‌ത്‌ 28ന് തിരുവനന്തപുരത്ത് വെങ്ങാനൂരിൽ ആയിരുന്നു അയ്യൻകാളിയുടെ ജനനം. കൃഷിചെയ്യാൻ ജന്മിമാർക്കുവേണ്ട ഒരു ഉപകരണം മാത്രമായി ദളിതരെ കണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് അയ്യൻകാളി ജനിച്ചതും വളർന്നതും. അധഃസ്ഥിതർക്ക്‌ വഴിനടക്കാനും തുണിയുടുക്കാനും അക്ഷരം പഠിക്കാനുമുള്ള അവകാശം നേടിയെടുക്കാൻ ഒട്ടേറെ സമരങ്ങൾക്ക്‌ അയ്യൻകാളി നേതൃത്വം നൽകി. സാധുജന പരിപാലനസംഘം എന്ന പൊതു സംഘടനയുടെ കീഴിൽ വ്യത്യസ്‌തരായ അധഃസ്ഥിത ജനവിഭാഗങ്ങളെ ഒന്നിപ്പിച്ചു.

1904ൽ അയ്യൻകാളി മുൻകൈയെടുത്ത് ദളിതർക്കായി ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. പിന്നീട് സർക്കാർതന്നെ 1908ൽ ദളിതർക്കായി ഒന്നും രണ്ടും ക്ലാസുകളുള്ള ഒരു സ്‌കൂൾ അനുവദിച്ചു. പക്ഷേ, എല്ലാ സർക്കാർ സ്‌കൂളിലും അധഃസ്ഥിതർക്ക്‌ പ്രവേശനം നൽകണമെന്ന്‌ അയ്യൻകാളി വാദിച്ചു. തങ്ങളുടെ കുട്ടികളെ സർക്കാർ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുന്നതുവരെ വയലുകളിൽ കൃഷിപ്പണിക്കിറങ്ങില്ല എന്ന്‌ പ്രഖ്യാപിച്ച്‌ ഇന്ത്യയിലെ ആദ്യ കർഷകത്തൊഴിലാളി സമരത്തിന് അയ്യൻകാളി നേതൃത്വം നൽകി. മാസങ്ങളോളം നീണ്ടുനിന്ന ഈ സമരം വർഗാടിസ്ഥാനത്തിലുള്ള കർഷകത്തൊഴിലാളി പോരാട്ടങ്ങളുടെ ആദ്യ രൂപമായി കണക്കാക്കപ്പെടുന്നു.

കൃഷിപ്പണി പൂർണമായും നിലച്ചു. ജന്മിമാരുടെ ഭീഷണിക്കുമുമ്പിൽ മുട്ടുമടക്കാൻ അയ്യൻകാളി തയ്യാറായില്ല. അയിത്ത ജാതിക്കാരായ കുട്ടികൾക്കും സർക്കാർ സ്‌കൂളിൽ പ്രവേശനം നൽകണമെന്ന അയ്യൻകാളിയുടെ നിരന്തരമായ ശ്രമം ഒടുവിൽ സർക്കാർ അംഗീകരിക്കുകയായിരുന്നു. എന്നാൽ, മേൽജാതിക്കാരുടെ ശക്തമായ എതിർപ്പിനെത്തുടർന്ന്‌ അത് സാധിച്ചില്ല. അവസാനം അയ്യൻകാളിതന്നെ പഞ്ചമി എന്ന കുട്ടിയെയും കൂട്ടി ഊരൂട്ടമ്പലം സർക്കാർ സ്‌കൂളിൽ ചെന്ന് ബലമായി പ്രവേശനം നേടുകയായിരുന്നു. അതിനെതിരായി മേൽജാതിക്കാരായ മാടമ്പിമാർ ആ സ്‌കൂൾ അഗ്നിക്കിരയാക്കി. അയ്യൻകാളി നടത്തിയ പ്രവേശന സമരത്തിന്റെ ചരിത്രവുമായി ആ സ്‌കൂൾ ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.

ദളിതരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി 1893ൽ അയ്യൻകാളി നടത്തിയ വില്ലുവണ്ടിസമരം പ്രസിദ്ധമാണ്. മണികെട്ടിയ രണ്ട് കാളകൾ വലിച്ച വില്ലുവണ്ടിയിൽ അദ്ദേഹം ബാലരാമപുരത്തെ പൊതുവഴിയിലൂടെ യാത്രചെയ്‌തു.

ദളിതരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി 1893ൽ അയ്യൻകാളി നടത്തിയ വില്ലുവണ്ടിസമരം പ്രസിദ്ധമാണ്. മണികെട്ടിയ രണ്ട് കാളകൾ വലിച്ച വില്ലുവണ്ടിയിൽ അദ്ദേഹം ബാലരാമപുരത്തെ പൊതുവഴിയിലൂടെ യാത്രചെയ്‌തു. അന്ന് അയിത്തജാതിക്കാർക്ക്‌ ഈ പാതയിലുടെ യാത്രചെയ്യാൻ അവകാശമുണ്ടായിരുന്നില്ല. 1910 -ൽ അയ്യൻകാളി ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. 25 വർഷം ഈ സ്ഥാനത്ത് തുടർന്നു. വിദ്യാലയപ്രവേശനം, സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്‌ക്കുവേണ്ടി ഫലപ്രദമായി സഭയിൽ വാദിച്ചു. അയ്യൻകാളിയിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട് അധഃസ്ഥിത സ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിയുന്നതിനും മാറുമറയ്‌ക്കുന്നതിനുംവേണ്ടി നടത്തിയ പ്രക്ഷോഭങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്.

1936 നവംബർ 12നാണ് തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്ക്‌ ഹിന്ദുക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്നതിന് അനുവാദം നൽകിക്കൊണ്ട് ക്ഷേത്രപ്രവേശന വിളംബരം നടക്കുന്നത്. 1937 ജനുവരിയിൽ തിരുവനന്തപുരത്ത് വന്ന മഹാത്മാഗാന്ധി വെങ്ങാനൂരിൽ ചെന്ന് അയ്യൻകാളിയെ ഇക്കാര്യത്തിൽ അനുമോദിക്കുകയുണ്ടായി. ദളിതർ സവർണർക്കൊപ്പം ആത്മാഭിമാനമുള്ള ഒരു സമൂഹമായി മാറണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
അയ്യൻകാളിയുടെയും ശ്രീനാരായണ ഗുരുവിന്റെയും പ്രവർത്തനങ്ങളിൽ വലിയ സാമ്യമുണ്ടായിരുന്നു. രണ്ടുപേരും അയിത്ത ജാതിയിൽ ജനിച്ചവരാണെന്നുമാത്രമല്ല, അയിത്തം അവസാനിപ്പിക്കാൻ സവർണരും അവർണരും ഒരു സമൂഹമായി ജാതീയമായ ഉച്ചനീചത്വം അവസാനിപ്പിക്കണമെന്ന ആശയത്തിലുറച്ച് പ്രവർത്തിച്ചിരുന്നവരുമായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്നതായിരുന്നു നാരായണഗുരുവിന്റെ ലക്ഷ്യം. അതുതന്നെയാണ് അയ്യൻകാളിയും ലക്ഷ്യമിട്ടത്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള പ്രക്ഷോഭങ്ങൾ
ഇന്ത്യയിൽ മറ്റേതു സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ദളിതർക്കും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും സമത്വവും സാമൂഹ്യനീതിയും നേടിയെടുക്കുന്നതിനും തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും അയിത്തം ഉൾപ്പെടെയുള്ള അനാചാരങ്ങൾക്കെതിരായും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ള പ്രക്ഷോഭങ്ങൾക്ക്‌ ചരിത്രത്തിൽ നിർണായക സ്ഥാനമാണുള്ളത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി ജനാധിപത്യരീതിയിലൂടെ 1957ൽ അധികാരത്തിൽ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭ നടപ്പാക്കിയ ഭൂപരിഷ്‌കരണ, കുടികിടപ്പവകാശ, വിദ്യാഭ്യാസ നിയമങ്ങളെല്ലാംതന്നെ ഈ അധഃസ്ഥിത ജനവിഭാഗത്തിനാവശ്യമായ പരിരക്ഷയും അവകാശങ്ങളും നേടുന്നതിനുതകുന്നതായിരുന്നു. തുടർന്നുവന്ന ഇതേ സ്വഭാവത്തിലുള്ള ഇടതുപക്ഷ സർക്കാരുകളും നടപ്പാക്കിയ പദ്ധതികളിലൂടെത്തന്നെയാണ് ഇന്ന് കേരളത്തിൽ ദളിത് ജനവിഭാഗത്തിന് മറ്റുള്ളവർക്കൊപ്പം സമത്വവും സാമൂഹ്യനീതിയും ഉറപ്പാക്കാനായത്. എന്തിനേറെപറയുന്നു, ഇപ്പോൾ കേരളത്തിലെ ക്ഷേത്രങ്ങളിൽ ദളിതർക്കും മറ്റ് പിന്നോക്കക്കാർക്കും പൂജാരിമാരായി നിയമനം ലഭിക്കുന്ന സാഹചര്യംവരെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അയ്യൻകാളിയുടെ സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയുകയുള്ളൂ എന്നത് യാഥാർഥ്യമാകുകയാണ്. എല്ലാവർക്കും സാമൂഹ്യനീതി ഉറപ്പാക്കാനായി പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുവേണ്ടി എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ വലിയ പ്രതീക്ഷകൾക്ക് വകനൽകുന്നു. മാത്രമല്ല, ഉന്നത വിദ്യാഭ്യാസ മേഖലയിലും പട്ടികവർഗ വിഭാഗത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കഴിയുന്നുവെന്നതും വലിയ മുന്നേറ്റമായി കാണുന്നു.

അതേസമയം, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോഴും ദളിതർക്ക്‌ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് 72 വർഷം പിന്നിടുമ്പോഴും ഇന്ത്യയുടെ ജനസംഖ്യയുടെ നാലിലൊന്നു ഭാഗംവരുന്ന പട്ടികവർഗ ജനവിഭാഗം തുടർച്ചയായ യാതനകൾ അനുഭവിക്കുകയും അടിച്ചമർത്തലുകൾക്ക് വിധേയമാകുകയും ചെയ്യുന്നു. ഉയർന്ന ജാതിക്കാർ ഭരണാധികാരികളുടെ ഒത്താശയോടെ അവരുടെമേൽ കടുത്ത അക്രമങ്ങൾ നടത്തുന്നു. ഇതിൽനിന്ന്‌ സംരക്ഷണം നൽകേണ്ടവർ നിയമങ്ങൾ നടപ്പാക്കുന്നതിൽ വിമുഖത കാണിക്കുന്നു. തങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുമ്പോൾ പ്രതിഷേധിക്കുന്നവരെ വെടിവച്ചുകൊല്ലുന്ന ഭരണവർഗത്തെയാണ് കാണാൻ കഴിയുന്നത്. തൊട്ടടുത്ത തമിഴ്നാട്ടിൽപോലും ദളിതന് പൊതുവഴിയിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചിരിക്കുന്നു. ദളിതന്റെ മൃതദേഹം പൊതുവഴിയിലൂടെ സംസ്‌കരിക്കാൻ കൊണ്ടുപോകുന്നത് വിലക്കിയ സാഹചര്യത്തിൽ പാലത്തിൽനിന്ന്‌ കയറിൽ കെട്ടിയിറക്കുന്ന സംഭവം വെല്ലൂരിൽ നാം കണ്ടതാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരഭിമാന കൊലപാതകങ്ങളും സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കും എതിരെയുള്ള ഹീനമായ പീഡനങ്ങളും അതിക്രമങ്ങളും വർധിച്ചുവരുന്നു. ഉന്നാവയിലെ പെൺകുട്ടിക്കുണ്ടായ ദാരുണമായ അനുഭവങ്ങൾ ഏത് മനുഷ്യസ്‌നേഹിയെയും ഞെട്ടിക്കും. ഗോവധ നിരോധനത്തിന്റെ പേരിൽ പാവപ്പെട്ട ദളിതർക്ക്‌ തങ്ങളുടെ പരമ്പരാഗതമായ തൊഴിലവകാശങ്ങൾ നിഷേധിക്കപ്പെടുകയും കടുത്ത ആക്രമണങ്ങൾ നേരിടേണ്ടിവരികയും ചെയ്യുന്നു.

സംവരണ വിരുദ്ധ നിലപാട് ആവർത്തിക്കുന്ന സംഘപരിവാർ
ചരിത്രത്തെ വീണ്ടും അയ്യൻകാളിയുടെ കാലഘട്ടത്തിലെത്തിക്കാനുള്ള നീക്കം സവർണ സംഘടനാനേതൃത്വം ആരംഭിച്ചുകഴിഞ്ഞു. സംവരണത്തെ ഒരു തർക്കവിഷയമാക്കിമാറ്റി അതിനെ ഇല്ലാതാക്കാനുള്ള ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ പ്രസ്‌താവന അതാണ് സൂചിപ്പിക്കുന്നത്. ജനങ്ങളുടെ പരമാധികാരം, ഫെഡറലിസം, മതനിരപേക്ഷത, മൗലികാവകാശങ്ങൾ, സ്റ്റേറ്റ് നയത്തിന്റെ മാർഗനിർദേശകതത്വങ്ങൾ, പട്ടിക വിഭാഗങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക പരിരക്ഷകൾ എന്നീ സവിശേഷതകളെയാണ് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായി പരിഗണിക്കപ്പെടുന്നത്. നൂറ്റാണ്ടുകളോളം മനുസ്‌മൃതിയുടെ നീതിശാസ്ത്ര വ്യവഹാരങ്ങൾ അലംഘനിയമാംവിധം നിലനിന്നിരുന്ന നമ്മുടെ രാജ്യത്തെ ദളിതുകളുടെ ദുരവസ്ഥയ്‌ക്ക്‌ ഒരു പരിധിവരെ പരിഹാരം കാണാൻ കഴിഞ്ഞത്, ഭരണഘടനാ ശിൽപ്പി ഡോ. ബി ആർ അംബേദ്കർ സ്വന്തം അനുഭവ സമ്പത്തുകൂടി പരിഗണിച്ച് രൂപംകൊടുത്ത ഭരണഘടന നൽകിയ സംരക്ഷണവും സംവരണം നൽകിയ സുരക്ഷയുമായിരുന്നു. അതിനെയാണ് ഇപ്പോൾ ഭരണാധികാരവർഗം കാറ്റിൽപ്പറത്തി ദളിതരുടെ ജീവിതം അതീവ ദുസ്സഹമാക്കി മാറ്റുന്നത്.

സംവരണ വിരുദ്ധ നിലപാട് ആവർത്തിക്കുന്നതിലൂടെ ജാതി അടിമത്തം തിരികെക്കൊണ്ടുവന്ന് ചാതുർവർണ്യവ്യവസ്ഥ പുനഃസ്ഥാപിക്കുകയാണ് സംഘപരിവാറിന്റെ ശ്രമം. അതുകൊണ്ടുതന്നെ മോഹൻ ഭാഗവതിന്റെ പ്രസ്‌താവന ദുരുദ്ദേശ്യപരവും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമാണ്. മോഡി സർക്കാർ വീണ്ടും അധികാരത്തിലെത്തിയതോടെ ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിരുദ്ധനയങ്ങൾ കൂടുതൽ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഒന്നാം നരേന്ദ്ര മോഡി സർക്കാരിന്റെ കാലത്ത് രാജ്യത്താകെ ദളിത് വേട്ട അരങ്ങേറിയിരുന്നു. സംവരണത്തിന്റെ പിൻബലംകൂടി നഷ്ടമാകുന്നതോടെ ദളിതരുടെ ജീവിതം കൂടുതൽ ദുസ്സഹമാകും. ദളിതർക്ക്‌ സാമൂഹ്യനീതിയും എല്ലാ മേഖലയിലും അവസരസമത്വവും ഉറപ്പുവരുത്താനും അവരെ ലക്ഷ്യത്തിലെത്തിക്കാനും നിലവിലെ സംവരണ വ്യവസ്ഥ തുടരുകതന്നെ വേണം. സംവരണപട്ടികയിൽ ഉള്ളവരെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത വിധത്തിൽ അവർക്കെതിരെ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സംവരണാവകാശങ്ങൾ സംരക്ഷിക്കാൻ യോജിച്ച പ്രക്ഷോഭം അനിവാര്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here