ആസിയാൻ കരാറിന് 10 വര്‍ഷം, റബ്ബര്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ക്കും

മൻമോഹൻ സിങ്‌ ആസിയാൻ കരാറിൽ ഒപ്പിട്ടിട്ട്‌ ആഗസ്‌തിൽ പത്തുവർഷം പൂർത്തിയായി. കരാറിന്റെ സൃഷ്‌ടിയായ റബർ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയും കാരണം കേരളത്തിൽ അടച്ചുപൂട്ടിയത്‌ 3000ത്തോളം റബർ കടകൾ. ഒരു കടയിൽ രണ്ടു ജീവനക്കാർ ഉണ്ടെന്ന്‌ കണക്ക്‌ കൂട്ടിയാൽ 6000 പേർക്കാണ്‌ തൊഴിൽ നഷ്‌ടമായത്‌. വിലയിടിവിൽ ദുരിതത്തിലായ പതിനായിരക്കണക്കിന്‌ കർഷകർ വേറെ.

റബർ ഷീറ്റ്‌ ശേഖരിച്ച്‌ വൻകിടക്കാർക്ക്‌ കൈമാറിയിരുന്ന കടകളാണ്‌ അടച്ചുപൂട്ടിയത്‌. റബർ വില കത്തിനിന്ന സമയത്ത്‌ പതിനായിരങ്ങൾക്ക്‌ ഇത്‌ അത്താണിയായിരുന്നു ഇത്തരം കടകൾ.

2009 ഓഗസ്‌ത്‌ 13ന്‌ ഒപ്പിട്ട ആസിയാൻ കരാർ 2010 ജനുവരി ഒന്നമുതലാണ്‌ നടപ്പായത്‌. അന്ന്‌ ഒരുകിലോ റബറിന്‌ 245 രൂപ വരെ വിലയുണ്ടായിരുന്നു. രാജ്യത്ത്‌ ഉൽപാദനമാകട്ടെ 10 ലക്ഷം ടണ്ണും. അഞ്ചുവർഷത്തിനിടെ റബറിന്റെ വില 90 രൂപവരെ താഴ്‌ന്നു. ഇന്ന്‌ കിലോയ്ക്ക്‌ 140 രൂപയുണ്ട്‌. റബർകൃഷി ലാഭകരമാകണമെങ്കിൽ 172 രൂപയെങ്കിലും കിട്ടണമെന്ന്‌ റബർ ബോർഡിന്റെ പഠനം പറയുന്നു. വില കുറഞ്ഞതോടെ പ്ലാന്റേഷനുകൾ പലതും പൂട്ടി. കർഷകർ റബർ വെട്ടി അവിടെ വാഴയും മറ്റ്‌ കൃഷികളും തുടങ്ങി. അതോടെ 10 ലക്ഷം ടൺ ഉൽപാദനം ഉണ്ടായിരുന്നത്‌ കഴിഞ്ഞവർഷം ആറ്‌ ലക്ഷമായി കുറഞ്ഞു.

അനിയന്ത്രിതമായ ഇറക്കുമതി ഉണ്ടായതോടെ റബർ കമ്പനികളും കർഷകർക്കും കടക്കാർക്കും എതിരായി. നേരത്തെ കടകളിലെ റബർ ഷീറ്റുകൾ കമ്പനികൾ അതത്‌ ദിവസം തന്നെ വാങ്ങുമായിരുന്നു. ഇറക്കുമതി തുടങ്ങിയതോടെ എന്നു വാങ്ങണമെന്ന്‌ കമ്പനികൾ നിശ്‌ചയിച്ചു തുടങ്ങി. കമ്പനികൾ റബർ എടുത്തില്ലെങ്കിൽ സ്വാഭാവികമായും വിപണയിൽ റബറിന്റെ വില കുറയും. നേരത്തെ കൂടിയ വിലയ്‌ക്ക്‌ കർഷകരിൽനിന്ന്‌ എടുത്ത റബർ കുറഞ്ഞവിലയ്‌ക്ക്‌ വിൽക്കാൻ കടക്കാർ നിർബന്ധിക്കപ്പെടും. ഇത്‌ വൻ ബാധ്യതയായതോടെയാണ്‌ പല കടകളും പൂട്ടിയത്‌. വീടുകളിൽ വെട്ടുന്ന റബർപാൽ ഇന്ന്‌ പലരും ഷീറ്റാക്കുന്നില്ല. വില കുറഞ്ഞാലും ലാറ്റക്‌സായാണ്‌ നൽകുന്നത്‌.

പാലാ ഉൾപെടുന്ന മീനച്ചിൽ താലൂക്കായിരുന്നു റബർ വിപണനത്തിന്റെ പ്രധാന കേന്ദ്രം. എന്നാൽ കഴിഞ്ഞ 10 വർഷം കൊണ്ട്‌ ഇവിടെ 300ലേറെ കടകൾ പൂട്ടിയതായി മീനച്ചിൽ താലൂക്ക്‌ റബർ ഡിലേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ജോസ്‌ കുട്ടി മാമ്പറമ്പിൽ പറഞ്ഞു. 2011 ൽ പാലായിൽ നിന്ന്‌ മാത്രം മൂന്ന്‌ ലോഡുവരെ റബർഷീറ്റുകൾ കയറ്റി അയച്ചിരുന്നു. ഇന്ന്‌ രണ്ട്‌ ദിവസത്തിൽ ഒരു ലോഡ്‌ പോയാലായി. അന്ന്‌ താലൂക്കിൽ 600 റബർ കടകളുണ്ടായിരുന്നു. പാലാ നഗരത്തിന്‌ അകത്ത്‌ പ്രവർത്തിച്ചിരുന്ന എല്ലാ കടകളും പൂട്ടി. റബർഷീറ്റ്‌ കിട്ടിയില്ലെങ്കിൽ കട തുറന്നുവച്ചിട്ട്‌ എന്തുകാര്യമെന്നും ജോസ്‌ കുട്ടി മാമ്പറമ്പിൽ ചോദിക്കുന്നു.

കടയിൽ ഉടമയെ കൂടാതെ രണ്ടുപേർ ഉണ്ടാകും. ഷിറ്റ്‌ എടുത്തവയ്‌ക്കാൻ ഒരാൾ, കണക്കെഴുതാൻ വേറൊരാൾ. കടക്കാർക്ക്‌ ഒരുഷീറ്റിന്‌ രണ്ടുരൂപയാണ്‌ കൂടിയാൽ ലാഭം കിട്ടുക. ദിവസം 600, 700 കിലോ റബർഷീറ്റെങ്കിലും കിട്ടിയാലേ കൂലിയെങ്കിലും നൽകാൻ കഴിയൂ. ഇന്ന്‌ ദിവസം 50–- 100 കിലോ കിട്ടിയാലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News