കടുത്ത സാമ്പത്തിക പ്രതിസന്ധി; മോദി സര്‍ക്കാര്‍ എന്തിനും തുനിയുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ

സാമ്പത്തികമായി ഗതികെട്ട മോദി സർക്കാർ എന്തിനും തുനിയുമെന്നതിനു തെളിവാണ്‌ റിസർവ്‌ ബാങ്ക്‌ കരുതൽശേഖരത്തിൽനിന്ന്‌ 1.76 ലക്ഷം കോടി രൂപ പിടിച്ചുവാങ്ങിയ നടപടിയെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ധനകമ്മി നേരിടാൻ ചെയ്ത ഈ രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. മോദി സർക്കാരിന്റെ ധൂർത്തിന്‌ പണം കണ്ടെത്താൻ ഒഎൻജിസി പോലെ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ നവരത്‌ന കമ്പനികളുടെ പണവും നേരത്തെ കൊള്ളയടിച്ചിരുന്നു.

ബാങ്കുകളുടെ മേൽനോട്ടത്തിനുള്ള അധികാരസ്ഥാപനവും അത്യാവശ്യസന്ദർഭങ്ങളിൽ പണം ലഭ്യമാക്കാനുള്ള അവസാനത്തെ ആശ്രയവുമാണ്‌ റിസർവ്‌ ബാങ്ക്‌. ആഗോളതലത്തിൽ പൊട്ടിപ്പുറപ്പെടുന്ന സാമ്പത്തിക അസ്ഥിരതയും പ്രതിസന്ധിയും ചെറുക്കാൻ രാജ്യത്തിന്റെ സമ്പദ്‌ഘടനയ്‌ക്കുള്ള പരിരക്ഷയാണ്‌ റിസർവ്‌ ബാങ്കിന്റെ സാമ്പത്തികസ്ഥിരത.

കഴിഞ്ഞ മോദി സർക്കാർ ഓരോ വർഷവും റിസർവ്‌ ബാങ്ക്‌ ലാഭത്തിന്റെ 99.99 ശതമാനവും കൊള്ളയടിച്ചു. സർക്കാരിന്റെ ചെലവ്‌ നേരിടാൻ റിസർവ്‌ ബാങ്ക്‌ കരുതൽശേഖരം എടുത്തുപയോഗിക്കുന്നത്‌ സമ്പദ്‌ഘടനയെയും ജനജീവിതത്തെയും ദോഷകരമായി ബാധിക്കും. ‘സമ്പത്ത്‌ സൃഷ്ടിക്കുന്നവരെ’ ആദരിക്കുമെന്ന്‌ പ്രധാനമന്ത്രി മോദി പറയുന്നു. മൂല്യം ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ മാത്രമേ സമ്പത്ത്‌ ഉണ്ടാകൂ. ജനസംഖ്യയിൽ ഗണ്യമായ വിഭാഗത്തിന്‌ മൂല്യം ഉൽപ്പാദിപ്പിക്കാൻ വേണ്ട തൊഴിലില്ല. സമ്പദ്‌ഘടനയ്‌ക്കും ജനങ്ങളുടെ ജീവനോപാധികൾക്കും നേരെ മോദി സർക്കാർ നടത്തുന്ന ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ എല്ലാ ഘടകങ്ങളോടും പിബി ആഹ്വാനംചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News