വാസ്തുകലയും ഡിസൈനും സാമൂഹികചിന്തയും മുഖാമുഖം സംവാദത്തിലേര്‍പ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശയോത്സവത്തിന് (SPACES: Design, Culture & Politics) തലസ്ഥാനം ഒരുങ്ങി.

ആഗസ്റ്റ് 29 മുതൽ സെപ്തംബര്‍ 1 വരെ തിരുവനന്തപുരം കനകക്കുന്നിലാണ് പരിപാടി. ഡിസി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡിസി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയിൽ ലോകപ്രശസ്തരായ വാസ്തുകലാവിദഗ്ധര്‍, സാമൂഹ്യചിന്തകര്‍, എഴുത്തുകാര്‍, പൊതു പ്രവര്‍ത്തകര്‍, ചലച്ചിത്രതാരങ്ങള്‍, കലാപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാഗൽഭ്യം തെളിയിച്ചവർ സജീവസാന്നിദ്ധ്യമാകുന്നു. കവിയും ചിന്തകനുമായ പ്രൊഫ. കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍.

സാമൂഹികപുരോഗതിക്ക് പൊതു- സ്വകാര്യ ഇടങ്ങളെ പുനര്‍വീക്ഷണത്തിനും വിചിന്തനങ്ങള്‍ക്കും വിധേയമാക്കുക എന്നതാണ് ഫെസ്റ്റിവൽ ലക്ഷ്യം വെക്കുന്നത്. രാകേഷ് ശർമ്മ, അടൂര്‍ ഗോപാലകൃഷ്ണന്‍, ബി വി ദോഷി, പ്രകാശ് രാജ്, മാധവ് ഗാഡ്ഗില്‍, ശശി തരൂര്‍ എം പി, യൂജിന്‍ പണ്ടാല, ഡോ. രാജന്‍ ഗുരുക്കള്‍, ജോൺ ബ്രിട്ടാസ്, റസൂല്‍ പൂക്കുട്ടി, ഡോ. കെ ജയകുമാര്‍, എം എ ബേബി, വികാസ് ദിലവരി, ശോഭാ ഡേ, പോള്‍ സക്കറിയ, സാറാ ജോസഫ്, ചന്ദ്രമതി, കെ ആര്‍ മീര, എന്‍ എസ് മാധവന്‍, എം ജി ശശിഭൂഷണ്‍, ബെന്യാമിന്‍, സുനില്‍ പി ഇളയിടം, സണ്ണി എം കപിക്കാട്, പി എഫ് മാത്യൂസ്‌, ടി ഡി രാമകൃഷ്ണന്‍, പ്രഭാവര്‍മ്മ, വി ജെ ജയിംസ്, മനു എസ് പിള്ള, എസ് ഹരീഷ്, ലക്ഷ്മി രാജീവ്, ഡോ. പി കെ. രാജശേഖരന്‍, ജെ ദേവിക, സി എസ് മീനാക്ഷി , ബീനാ പോള്‍, മധുപാല്‍, പത്മപ്രിയ, പ്രകാശ് രാജ് , ടി എം കൃഷ്ണ, ഡോ. സി എസ് വെങ്കിടേശ്വരൻ, സരസ്വതി നാഗരാജൻ, ഡോ. ടി ടി ശ്രീകുമാർ, ദാമോദർ പ്രസാദ്, ടി വി സജീവ്, ജോർജ് ആർ, സരിത എം വർമ്മ, രഞ്ജിനി കൃഷ്ണൻ, ഡോ. ജി ആർ സന്തോഷ് കുമാർ, അനിത തമ്പി, ദിലീപ് രാജ്, ഡോ. ജി അജിത് കുമാർ, ഡോ. പി സനൽ മോഹൻ, ജോണി എം എൽ, ടി പി ശ്രീനിവാസന്‍, റൂബിൻ ഡിക്രൂസ്, എം ജി രാധാകൃഷ്ണൻ, വേണു ബാലകൃഷ്ണന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭര്‍ മേളയുടെ ഭാഗമാകുന്നു.

ഒരേ സമയം മൂന്നു വേദികളിലായി നൂറിലേറെ സംവാദങ്ങളാണ് വിവിധ വിഷയങ്ങളിലായി നടക്കുക. പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എന്‍ കരുണ്‍ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോത്സവം ഈ മേളയുടെ പ്രധാന സവിശേഷതയാണ്. ഒപ്പം ചിത്രകാരന്‍ റിയാസ് കോമുവിന്റെ ഇന്‍സ്റ്റലേഷന്‍, ശില്പകലാശാലകള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

അഞ്ഞൂറിലേറെ സാഹിത്യകലാപ്രവര്‍ത്തകരും ചിന്തകരും ആര്‍ക്കിടെക്ചര്‍മാരും നാലു ദിവസങ്ങളിലായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ പങ്കെടുക്കും.
സ്‌പെയ്ന്‍, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ആര്‍ക്കിടെക്ചര്‍മാരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരങ്ങളില്‍ സംഗീതനൃത്ത പരിപാടികളും മേളയുടെ ഭാഗമായി അരങ്ങേറുന്നുണ്ട്.