വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും വരും നാളുകൾ വികസനത്തിന്റേതാണെന്നും അഡ്വ. ആന്റണി രാജു

മുംബൈ : കേരളം ഹർത്താലുകളോട് വിട പറയുകയാണെന്നും ഒരു വ്യവസായ സൗഹൃദ സംസ്ഥാനമായി മാറുന്ന കാഴ്ചയാണ് ദർശിക്കാനാവുന്നതെന്നും അഡ്വ ആന്റണി രാജു പറഞ്ഞു. പൂനെയിൽ കേരള പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടന്ന വാണിജ്യ ശില്പശാലയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മുൻ എംഎൽഎ കൂടിയായ ആന്റണി രാജു.

കേരളത്തിലെ വ്യാവസായിക മേഖലകളിൽ പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർക്കാർ നടത്തി വരുന്ന പുരോഗമനപരമായ പരിഷ്കാരങ്ങളെ കുറിച്ചും പൊതു മേഖലാ സ്ഥാപനങ്ങളുടെ മത്സരക്ഷമതയെ കുറിച്ചും അഡ്വ. ആന്റണി രാജു വിശദീകരിച്ചു. ഹർത്താലുകളെ കുറിച്ചല്ല മറിച്ചു വികസനത്തെ കുറിച്ചാണ് കേരളം സംസാരിക്കുന്നതെന്നും ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി കൊണ്ടിരിക്കുകയാണെന്നും നിറഞ്ഞ കൈയ്യടികൾക്കിടയിൽ ആന്റണി രാജു വ്യക്തമാക്കി.

കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യവസായ വകുപ്പിന്റെയും റിയാബിന്റെയും മേൽനോട്ടത്തിലാണ് പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാതാക്കളുടെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വാണിജ്യ ശില്പശാല സംഘടിപ്പിച്ചത്. കേരളത്തിലെ എഞ്ചിനീയറിംഗ് പൊതുമേഖലാ സ്ഥാപനങ്ങളായ ഓട്ടോകാസ്റ് ലിമിറ്റഡ്, സ്റ്റീൽ ഇൻഡസ്ട്രീസ് കേരളാ ലിമിറ്റഡ്, സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്‌സ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങൾ പങ്കെടുത്തു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ് ഐ എ എസ് ശില്പശാല ഉത്‌ഘാടനം നിർവഹിച്ചു . കേരള സർക്കാർ നടപ്പാക്കി വരുന്ന വ്യവസായ അനുകൂല നടപടികളിലൂടെയും നൂതനമായ ഉത്പാദന പ്രക്രിയകളിലൂടെയും വൈദഗ്ധ്യമുള്ള തൊഴിലാളുകളുടെ പിൻബലത്താലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളോട് കിടപിടക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്ന് ഉൽഘാടന പ്രസംഗത്തിൽ സഞ്ജയ് ഗാർഗ് വ്യക്തമാക്കി.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഉത്പന്നങ്ങൾ വികസസിപ്പിക്കുന്നതിന് പുണെയിലെ വ്യവസായ സ്ഥാപനങ്ങളെ അദ്ദേഹം ക്ഷണിച്ചു.

പുണെയിലെ മലയാളി വ്യവസായികളായ തേർമാക്സ് ലിമിറ്റഡ് സി ഇ ഓ എം എസ് ഉണ്ണികൃഷ്ണൻ, അയോക്കി ഫാബ്രിക്കോൺ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എസ് ഗണേഷ്‌കുമാർ, വാൽചന്ദ്നഗർ ഇൻഡസ്ട്രീസ് എം ഡി ജി കെ പിള്ള തുടങ്ങിയവരും ശില്പശാലയിൽ പങ്കെടുത്തു സംസാരിച്ചു.

കേരളത്തിലെ പൊതു മേഖലകൾ ഇന്ത്യയിലെ വ്യത്യസ്തങ്ങളായ വാണിജ്യ നഗരങ്ങളിൽ സാന്നിധ്യം ശക്തമായി പ്രകടമാക്കേണ്ടതിന്റെ ആവശ്യകത ഗണേഷ് കുമാർ ഊന്നി പറയുകയുണ്ടായി. ഇത്തരം വാണിജ്യ കേന്ദ്രങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിലൂടെ വിദേശ വിപണിയുടെ പങ്കാളിത്തം കൂടെ കരസ്ഥമാക്കുന്നതിന് കേരളത്തിലെ പൊതുമേഖലകൾക്ക് സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചു മറ്റ് സംസ്ഥാനങ്ങളിലുള്ള ആശങ്കയാണ് തേർമാക്സ് എം ഡി ഉണ്ണികൃഷ്ണൻ പങ്കു വച്ചത്. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ പൊതുമേഖലയിൽ ഉണ്ടായിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും മുഖ്യ പ്രഭാഷണം നടത്തിയ തേർമാക്സ് എം ഡി ഉണ്ണികൃഷ്ണൻ വിശദീകരിച്ചു. അതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളുടെ നിർമ്മാണ പ്രക്രിയയിൽ ആധുനീക സാങ്കേതിക വിദ്യയുടെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. ഇത്തരം സംരംഭങ്ങൾക്കായുള്ള മുതൽ മുടക്കിന് വ്യവസായ വകുപ്പ് തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതു മേഖലകളിലെയും സ്വകാര്യ മേഖലകളിലെയും പ്രവർത്തന പരിചയം പങ്കു വച്ച് ഇരുമ്പുരുക്ക് വയവസായങ്ങളുടെ കാലാതീതമായ പ്രസക്തിയെക്കുറിച്ചും ആധികാരികമായി വിശദീകരിച്ചാണ് പ്രമുഖ സാങ്കേതിക വിദഗ്ദനായ ജെ കെ പിള്ള സംസാരിച്ചത്. കേരള സർക്കാരിന്റെ പൊതുമേഖലാ ശാക്തീകരണ നടപടികൾക്ക് എല്ലാ വിധ പിന്തുണയും അദ്ദേഹം വേദിയിൽ പ്രഖ്യാപിച്ചു.

ബിസിനസ്സ് മീറ്റിന് ആമുഖമായി റിയാബ് ചെയർമാൻ ശശിധരൻ നായർ കേരള സർക്കാരും വ്യവസായ വകുപ്പും റിയാബും നടപ്പാക്കി വരുന്ന വൈവിധ്യങ്ങളായ പദ്ധതികളെക്കുറിച്ചു വിശദീകരിക്കുകയും പൊതുമേഖലകളെ ശാക്തീകരിക്കുന്നതിനെ വേണ്ട സഹായ സഹകരണങ്ങൾ ഉറപ്പ് നൽകുകയും ചെയ്തു.

പൊതു മേഖല സ്ഥാപനങ്ങളെ കുറിച്ചുള്ള വിശദമായ അവതരണം മാനേജിങ് ഡിറക്ടർമാരായ ചന്ദബോസ്, ശ്യാമള എന്നിവർ നിർവഹിച്ചു. ഓട്ടോകാസ്റ് ചെയർമാൻ പ്രദീപ്കുമാർ കെ എസ് യോഗത്തിന് ആശംസകൾ നേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here