രാജ്യരക്ഷാ മേഖല സ്വകാര്യവത്ക്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ എറണാകുളത്ത്‌ മനുഷ്യച്ചങ്ങല തീർത്ത് തൊഴിലാളികൾ. നേവൽ ബേസ്, കപ്പൽശാല, തുറമുഖം, എൻഎഡി, റിഫൈനറി എന്നിവിടങ്ങളിലെ നൂറുകണക്കിന് തൊഴിലാളികളാണ് സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലും മനുഷ്യ ചങ്ങലയിലും അണിനിരന്നത്.

സേനയ്ക്ക് ആവശ്യമായ ആയുധങ്ങളും അനുബന്ധ സാമഗ്രികളും നിർമ്മിക്കുന്ന 41 ഓർഡനൻസ് ഫാക്ടറികൾ സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇതിൽ പ്രതിഷേധിച്ച് ഓർഡിനൻസ് ഫാക്ടറി ജീവനക്കാർ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തൊഴിലാളികൾ മനുഷ്യചങ്ങല സംഘടിപ്പിച്ചത്.

നേവൽബേസ് പ്രധാന ഗേറ്റ് മുതൽ കപ്പൽശാല ഗേറ്റ് വരെ നീണ്ട മനുഷ്യച്ചങ്ങല സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി ടി കെ രമേശൻ, കെ എം ഗോപി, അഡ്വക്കേറ്റ് ടി ബി മിനി എന്നിവരും മനുഷ്യ ചങ്ങലയുടെ ഭാഗമായി.