കരുതൽ നിക്ഷേപത്തിൽനിന്ന്‌ 1.76 ലക്ഷം കോടി രൂപ കൈയടക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം റിസർവ്‌ ബാങ്കിന്റെ സാമ്പത്തികശേഷിയെയും പ്രതിസന്ധിഘട്ടങ്ങളിലെ ഇടപെടൽശേഷിയെയും ദുർബലമാക്കും. ആർബിഐയുടെ മൂലധന ചട്ടക്കൂട്‌ പുനരവലോകനം ചെയ്യാൻ രൂപീകരിച്ച ബിമൽ ജലാൻ കമ്മിറ്റിയുടെ നിർദേശങ്ങൾ അപ്പാടെ അംഗീകരിച്ചാണ്‌ 1.76 ലക്ഷം കോടി രൂപ കേന്ദ്രത്തിന്‌ കൈമാറാൻ കേന്ദ്ര ബാങ്കിന്റെ ഡയറക്ടർ ബോർഡ്‌ യോഗം തീരുമാനിച്ചത്‌. മോഡി സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നതാണ്‌ പുതിയ നീക്കം.

ആർബിഐയുടെ കരുതൽധനമെന്നത്‌ മുഖ്യമായും മൂന്ന്‌ നിധികളാണ്‌. കറൻസി– സ്വർണ പുനർമൂല്യവൽക്കരണ അക്കൗണ്ട്‌ (സിജിആർഎ), അടിയന്തര നിധി (സിഎഫ്‌), സ്വത്ത്‌ വികസന നിധി (എഡിഎഫ്‌). കരുതൽ ധനത്തിന്റെ സിംഹഭാഗവും സിജിആർഎയാണ്‌. സ്വർണവും കറൻസിയും മറ്റും പുനർമൂല്യനിർണയം നടത്തുമ്പോൾ വരുന്ന അധികതുകയാണ്‌ ഈ നിധി. 2017–18 വർഷത്തിൽ സിജിആർഎ 6.91 ലക്ഷം കോടി രൂപയായിരുന്നു. ശരാശരി 25 ശതമാനമെന്ന തോതിലാണ്‌ സിജിആർഎയുടെ വാർഷിക വളർച്ച. 2017–18 വർഷത്തിൽ അടിയന്തര നിധിയിലുള്ളത്‌ 2.32 ലക്ഷം കോടി രൂപയാണ്‌. ആർബിഐയുടെ പണനയവും വിനിമയ ഇടപാടുകളും മറ്റും സൃഷ്ടിച്ചേക്കാവുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനാണ്‌ ഈ നിധി ഉപയോഗിക്കുക. ആർബിഐയുടെ ലാഭത്തിൽ നല്ലൊരു പങ്കാണ്‌ ഈ നിധിയിലേക്ക്‌ വകയിരുത്താറുള്ളത്‌.

അടിയന്തര സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ആർബിഎ കരുതേണ്ട ധനത്തിന്റെ തോത്‌ പുനർനിശ്ചയിക്കുകയാണ്‌ ബിമൽ ജലാൻ സമിതി ചെയ്‌തത്‌. ബാലൻസ്‌ ഷീറ്റിന്റെ 6.8 ശതമാനമാണ്‌ ഇതിന്‌ നീക്കിവച്ചത്‌. ബാലൻസ്‌ ഷീറ്റിന്റെ 5.5 മുതൽ 6.5 ശതമാനംവരെ തുക നീക്കിയാൽ മതിയെന്നാണ്‌ ബിമൽ ജലാൻ സമിതിയുടെ നിർദേശം. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ്‌ യോഗമാകട്ടെ ജലാൻ സമിതി നിർദേശിച്ച കുറഞ്ഞ പരിധിയായ 5.5 ശതമാനം കരുതലായി വയ്‌ക്കുകയെന്ന തീരുമാനത്തിലെത്തി. ഇതോടെ ഒറ്റയടിക്ക്‌ 52,637 കോടി രൂപ അധികമായി വരികയും ഈ തുക സർക്കാരിലേക്ക്‌ മാറ്റുകയുമായിരുന്നു.

ധനകമ്മി പിടിച്ചുനിർത്തുന്നതിലും മറ്റും ആർബിഐയിൽനിന്ന്‌ ലഭിക്കുന്ന തുക സർക്കാരിന്‌ ആശ്വാസമാകുമെങ്കിലും നിലവിലെ മാന്ദ്യം തുടർന്നാൽ പ്രയോജനമില്ലാതെ പോകും. അടുത്തെങ്ങും കൂടുതൽ പണത്തിനായി ആർബിഐയെ സമീപിക്കാനാകാത്ത സാഹചര്യവുമുണ്ടാകും.