ശ്രീറാം വെങ്കിട്ടരാമന്‍ ഭൂമി തട്ടിയെടുപ്പുക്കാരെ സഹായിച്ചു; മനംനൊന്ത് ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഇടുക്കി സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം.

ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതില്‍ മനംനൊന്ത് കട്ടപ്പന സ്വദേശി കെ.എന്‍ ശിവന്‍ 2017 ഏപ്രിലില്‍ ആത്മഹത്യ ചെയ്തിരുന്നു. വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കള്‍ ഭൂമി തട്ടിയെടുത്തതായി അന്നു സബ് കലക്ടറായിരുന്ന ശ്രീറാമിനു ശിവന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ശ്രീറാം നടപടിയെടുത്തില്ലെന്നു ശിവന്റെ സഹോദര പുത്രന്‍ കെ.ബി പ്രദീപ് പറഞ്ഞു.

തുടര്‍നടപടികള്‍ക്കായി ശ്രീറാം വെങ്കിട്ടരാമന്റെ ഓഫീസില്‍ വിവരാവകാശം നല്‍കി. പരാതിക്കാരനോടു ഹാജരാകാന്‍ ആവശ്യപ്പെട്ടു നാലു തവണ നോട്ടിസ് നല്‍കിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ഇതേത്തുടര്‍ന്നു ലഭിച്ചത്. എന്നാല്‍ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നു പ്രദീപ് പറഞ്ഞു.

ശിവന്‍ പരാതി നല്‍കുന്നതിനു മുന്‍പുള്ള തീയ്യതിയില്‍ പോലും നോട്ടീസ് അയച്ചതായാണ് ശ്രീറാമിന്റെ മറുപടിയില്‍ കാണുന്നത്. നടപടികള്‍ സ്വീകരിക്കാതെ ശ്രീറാം തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നെന്നും ഇതില്‍ മനംനൊന്താണ് ശിവന്‍ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഭൂമി തട്ടിയെടുത്തവരെ പോലെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News