കെവിന്‍ വധം: പ്രതികളെ ശിക്ഷിക്കാന്‍ ‘ലാസ്റ്റ് സീന്‍ തിയറി’യും

കെവിന്‍ കൊലപാതകത്തിന് വ്യക്തമായ തെളിവില്ലാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്ക് കൊലക്കുറ്റം ചുമത്താന്‍ കോടതി ആശ്രയിച്ചത് ‘ലാസ്റ്റ് സീന്‍ തിയറി’.

അവസാനമായി കണ്ട രണ്ടുപേരില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ രണ്ടാമത്തെയാള്‍ അതിന് സമാധാനം പറയണമെന്ന തെളിവുനിയമത്തിലെ വ്യവസ്ഥയാണിത്. ഇതോടൊപ്പം തട്ടിക്കൊണ്ടു പോയവര്‍ കൊലയാളികള്‍ എന്ന തത്വവും കോടതി വിധിയില്‍ പറഞ്ഞു.

പ്രതികള്‍ തട്ടിക്കൊണ്ടുപോയ കെവിനെ പുലര്‍ച്ചെ 6.30ന് വാഹനത്തില്‍നിന്ന് എടുത്ത് റോഡില്‍ കിടത്തുന്നത് കണ്ടതായി ഒന്നാം സാക്ഷി അനീഷ് മൊഴി നല്‍കിയിരുന്നു. ഇതിന് 28 മീറ്റര്‍ അകലെ ചാലിയേക്കര തോട്ടിലാണ് പിറ്റേന്ന് മൃതദേഹം കണ്ടെത്തിയത്. ഇതനുസരിച്ച് കെവിനൊപ്പം അവസാനം ഉണ്ടായിരുന്നത് പ്രതികളാണ്. ഇതാണ് കൊലപാതകം സ്ഥിരീകരിക്കുന്നതിലേക്ക് കോടതിയെ നയിച്ചത്.

അതേസമയം, അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് നിരീക്ഷിച്ച കേസില്‍ തൂക്കുകയറില്‍നിന്ന് പ്രതികള്‍ക്ക് രക്ഷയായത് പ്രായക്കുറവും മുന്‍കാല ജീവിതവുമാണ്. വധശിക്ഷ ഒഴിവാക്കാന്‍ കോടതി അക്കമിട്ട് പറഞ്ഞത് എട്ട് കാരണങ്ങള്‍. വിധിന്യായത്തില്‍ ഇവ വിശദീകരിക്കുന്നതും അത്യപൂര്‍വം. വധശിക്ഷ നല്‍കുന്നത് അവസാനം വരെ പരിഗണിച്ചുവെന്ന് ഇത് വ്യക്തമാക്കുന്നു.

ചെറുപ്രായമാണ് കോടതി ഒന്നാമതായി പരാമര്‍ശിച്ചത്. കേസിലുള്‍പ്പെടുമ്പോള്‍ ഒന്നാംപ്രതി ഷാനു ചാക്കോയ്ക്ക് 26 വയസ്സായിരുന്നു. പ്രതികളെല്ലാം 28 വയസ്സില്‍ താഴെയുള്ളവരാണ്. ക്രിമിനല്‍ പശ്ചാത്തലമില്ല. കെവിന്റെ മുറിവുകള്‍ പരിഗണിച്ചാല്‍ നിഷ്ഠൂരമായ ആക്രമണം ഉണ്ടായതായി പറയാനാകില്ല. സമൂഹത്തില്‍നിന്ന് തുടച്ചുനീക്കപ്പെടേണ്ടവരല്ല. ജീവിതം തുടങ്ങുന്നതേയുള്ളൂ. തെറ്റുതിരുത്താന്‍ അവസരം നല്‍കണം എന്നിവയാണ് കോടതി പരിഗണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News