കശ്മീരിന്റെ സവിശേഷ അധികാരം റദ്ദാക്കല്‍: ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്; കേന്ദ്രത്തിന് നോട്ടീസ്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഭരണ ഘടനാ ബെഞ്ചിന് വിട്ടു. ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് കോടതിയുടെ നോട്ടീസ്.

അര മണിക്കൂറില്‍ താഴെ സമയം കൊണ്ടാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്, വിവിധ നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍ എന്നിവ ചോദ്യം ചെയ്തുള്ള ഹര്ജികളിലെ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍.

പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി അധ്യക്ഷനായ ബഞ്ച് ഭരണ ഘടനാ ബെഞ്ചിന് വിട്ടു. പ്രത്യക പദവി റദ്ദാക്കിയത്, സംസ്ഥാന വിഭജനം, രാഷ്ട്രപതിയുടെ വിജ്ഞാപനം തുടങ്ങിയവ ചോദ്യം ചെയ്തുള്ള 8 ഹര്‍ജികള്‍ ആണ് ഭരണ ഘടന ബഞ്ച് പരിഗണിക്കുക. ഒക്ടോബര്‍ ആദ്യ വാരം ഹര്‍ജികളില്‍ 5 അംഗ ഭരണഘടനാ ബഞ്ച് വാദം കേള്‍ക്കും.

ഹര്ജികളില്‍ കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസും അയച്ചു. നോട്ടീസിനെ കേന്ദ്രം എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. കേസിലെ കോടതി പരാമര്‍ശങ്ങള്‍ രാജ്യാന്തര വേദികളില്‍ ശത്രു രാജ്യങ്ങള്‍ ഉപയോഗിക്കുമെന്ന് ഹര്‍ജികളെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കശ്മീര്‍ സന്ദര്‍ശനത്തിന് അനുമതി തേടിയുള്ള 2 ഹേബിയസ് കോര്‍പ്പസ് ഹര്ജികളിലും കേന്ദ്രം തിരിച്ചടി നേരിട്ടു.

അതേസമയം, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ കോടതി അനുമതി നല്‍കി. രാജ്യത്തെ ഒരു പൗരനെ സഹപ്രവര്‍ത്തകനെ കാണാന്‍ പോകുന്നതില്‍ നിന്ന് എങ്ങനെ തടയാനാകും എന്ന് കോടതി ചോദിച്ചു.

ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥി മുഹമ്മദ് അലീം സയീദിന് മാതാപിതാക്കളെ കാണാനും കോടതി അനുമതി നല്‍കി. ഇന്ന് തന്നെ കാശ്മീരിലേക്ക് പോകണം എങ്കില്‍ ഒരു മണിക്കൂറിനകം ഉത്തരവ് നല്‍കാം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സന്ദര്‍ശനത്തിന് പോലീസ് സുരക്ഷ ഒരുക്കാനും നിര്‍ദേശം ഉണ്ട്.

ജമ്മു കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷിതാക്കളെ കാണാന്‍ നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയ കോടതി മടങ്ങി എത്തിയാല്‍ സത്യവാങ്മൂലം നല്‍കാനും നിര്‍ദേശം നല്‍കി. മാധ്യമ നിയന്ത്രണത്തിന് എതിരായ ഹര്‍ജിയിലും കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. ഒരാഴ്ച്ചയ്ക്കകം സര്‍ക്കാര്‍ നോട്ടീസിന് മറുപടി നല്‍കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News