‘അണ്ണാ, ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയാണ്, ഇതോടെ സിനിമ നിര്‍ത്തുകയുമാണ്‌’; മരിക്കുന്നതിന് മുമ്പ് സൗന്ദര്യ പറഞ്ഞ വാക്കുകള്‍ ഓര്‍ത്തെടുത്ത് സംവിധായകന്‍

ചുരുക്കം ചില മലയാള സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയായിരുന്നു സൗന്ദര്യ. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് സൗന്ദര്യ ശ്രദ്ധേയയായത്.

തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് നടിയെ മരണം തേടിയെത്തിയത്. 2004ല്‍ വിമാനാപകടത്തില്‍ സൗന്ദര്യയ്ക്കൊപ്പം സഹോദരനും മരിച്ചിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ‘തണ്ടഗന്‍’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സൗന്ദര്യയെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകന്‍ ആര്‍ വി ഉദയകുമാറും പങ്കെടുത്തിരുന്നു. സൗന്ദര്യയോട് അവസാനമായി സംസാരിച്ച കാര്യങ്ങളും ഒരുമിച്ച് പ്രവൃത്തിച്ച അനുഭവങ്ങളും ഉദയകുമാര്‍ പങ്കുവെച്ചു.

ആര്‍വി ഉദയകുമാറിന്റെ വാക്കുകള്‍:

സൗന്ദര്യയെ ആദ്യമായി സിനിമയിലേക്ക് കൊണ്ടുവന്നത് ഞാനാണ്. തുടക്കത്തില്‍ എന്നെ ‘അണ്ണാ, അണ്ണാ’ എന്നാണ് വിളിച്ചത്. ഞാന്‍ ആ വിളിയില്‍ കുറച്ച് ദുഃഖിതനായിരുന്നു. പിന്നീട് നീ എന്നെ അണ്ണാ എന്ന് തന്നെ വിളിച്ചോളൂ എന്ന് പറഞ്ഞു. പക്ഷേ പുറത്ത് സര്‍ എന്ന് വിളിക്കണമെന്നും അവളോട് നിര്‍ദേശിച്ചു. ഞാന്‍ എന്നും അവളുടെ സഹോദരനായിരുന്നു. പൊന്നുമണി സിനിമയ്ക്ക് ശേഷം അവളെ ചിരഞ്ജീവി പടത്തിലേക്ക് ഞാന്‍ റെക്കമന്‍ഡ് ചെയ്തു. പിന്നീട് അവള്‍ തെലുങ്ക് സിനിമാ മേഖല കീഴടക്കുകയായിരുന്നു. ഈ വിഷയം ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. നിരവധി സാവിത്രി സിനിമകള്‍ അവളോട് കാണാന്‍ പറഞ്ഞു.

നിരവധി കാസറ്റുകള്‍ അവള്‍ക്ക് നല്‍കി. കുറച്ച് ഓവര്‍ ആക്ടിംഗ് ആണെങ്കിലും കുഴപ്പമില്ല, നിന്നില്‍ നിന്ന് എനിക്ക് എന്താണോ വേണ്ടത്, അത് മാത്രം ഞാന്‍ എടുത്തോളാം എന്ന് അവളോട് പറഞ്ഞു. ആദ്യം ഒരു സീന്‍ മാത്രമാണ് എടുത്തത്. അവളുടെ അഭിനയം കണ്ട് ഇവള്‍ സാവിത്രി പോലെ വരുമെന്ന് മനോരമ ആച്ചി പറഞ്ഞു. പ്രണയത്തിന്റെ പേരില്‍ അവള്‍ നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കാന്‍ ഞാന്‍ ഹൈദരാബാദില്‍ പോകാറുണ്ട്. അവളുടെ കല്ല്യാണത്തിന് പോകാന്‍ പറ്റിയില്ല, അവള്‍ വലിയൊരു വീട് വെച്ച് ഗൃഹപ്രവേശനത്തിനും വിളിച്ചിരുന്നു. തിരക്കായതിനാല്‍ അന്നും ഞാന്‍ പോയില്ല.

ചന്ദ്രമുഖിയുടെ കന്നട റീമേക്കിന്റെ അഭിനയം കഴിഞ്ഞ് സൗന്ദര്യ എന്നെ വിളിച്ചിരുന്നു. അണ്ണാ ഞാന്‍ ഇതോടെ സിനിമ നിര്‍ത്തുകയാണ്,  ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയാണ്. രാഷ്ട്രീയ പ്രചാരണത്തിനായി ഞാന്‍ നാളെ പോകുകയാണ് എന്ന് അവള്‍ പറഞ്ഞു. പിറ്റേന്ന് ന്യൂസ് കണ്ടപ്പോഴാണ് അവളുടെ മരണവാര്‍ത്ത അറിഞ്ഞത്. രാത്രി ഏഴ് മണിക്ക് സംസാരിച്ചവള്‍ പിറ്റേന്ന് രാവിലെ ഏഴരയോടെ മരിച്ചുവെന്നത് അംഗീകരിക്കാന്‍ പറ്റിയില്ല. അവളുടെ മരണചടങ്ങില്‍ പങ്കെടുക്കാനാണ് ഞാന്‍ ആ പുതിയ വീട്ടിലേക്ക് പോയത്. ആ വീട്ടില്‍ എന്റെ വലിയൊരു ഫോട്ടോ തൂക്കിയിട്ടുണ്ടായിരുന്നു.

സിനിമ എന്നത് കുടുബമാണ്. അവസാനം വരെ എന്നെ മനോരമ ആച്ചി ‘ഞാന്‍ പ്രസവിക്കാത്ത മകന്‍’ എന്നാണ് എന്നെ വിളിച്ചത്. ഏത് സിനിമ ചെയ്യുമ്പോഴും അവരുടെ അനുഗ്രഹം വാങ്ങാറുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News