പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; പാലായില്‍ നിന്നും നാലാമങ്കം

എൻസിപി സംസ്ഥാന ട്രഷററായ മാണി സി കാപ്പന് പാല നിയമസഭാ മണ്ഡലത്തിൽ നിന്നും ഇത് നാലാം അങ്കം. രാഷ്ട്രീയത്തിനപ്പുറത്ത് ചലച്ചിത്രനടൻ, സംവിധായകൻ, നിർമ്മാതാവ്, രാജ്യാന്തര വോളിബോൾ താരം തുടങ്ങി ഒട്ടേറെ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ് ഇദ്ദേഹം.

സ്വാതന്ത്യ സമര കാലത്ത് ദേശീയ പ്രസ്ഥാനത്തിനൊപ്പം നിന്ന, പാലായിലെ പ്രമുഖമായ കാപ്പിൽ കുടുംബത്തിലാണ് മാണി സി കാപ്പന്റെ ജനനം.

2006 മുതൽ നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാലാ നിയമസഭ മണ്ഡലത്തിൽ കെഎം മാണിയുടെ എതിരാളി ആയിരുന്നു മാണി സി കാപ്പൻ.

ഓരോതവണയും കെ എം മാണിയുടെ ഭൂരിപക്ഷം കുറഞ്ഞു കുറഞ്ഞു വന്നു. 2001 ൽ ഉഴവൂർ വിജയനോട് കെ എം മാണി വിജയിച്ചത് 33301 വോട്ടുകൾക്ക് ആയിരുന്നു.

എന്നാൽ തുടർന്ന് മാാണി സി കാപ്പൻ എതിരാളിയായി എത്തിയതോടെ ഭൂരിപക്ഷം 2006 ൽ 7509 ആയും 2011 ൽ 5259 ആയും 2016 ൽ 4703 ആയും കുത്തനെ ഇടിഞ്ഞു.

ഈ കണക്ക് മാത്രം മതി മാണി സി കാപ്പന്റെ പാലാക്കാരുമായുള്ള വ്യക്തി ബന്ധത്തിൻറെ ആഴം അറിയാൻ.

പാലായിൽ ജനിച്ച് വളർന്ന് പൊതുരംഗത്ത് എത്തി, എൻസിപി സംസ്ഥാന ട്രഷറർ പദവി വരെയെത്തിയ മാണി സി കാപ്പൻ പാലാക്കാരുടെ ഹൃദയതാളം അറിയുന്ന നേതാവ് കൂടിയാണ്.

രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം നാടറിയുന്ന ചലച്ചിത്ര പ്രവർത്തകനും കായികതാരവും കൂടിയാണ് ഈ 63 കാരൻ. 25 സിനിമകളിൽ അഭിനയിച്ചു, മേലേപറമ്പിൽ ആൺവീട് തുടങ്ങി ഒട്ടേറെ സിനിമകളുടെ നിർമ്മാതാവ്, ഹിറ്റ് ചിത്രമായ മാന്നാർ മത്തായി സ്പീക്കിംഗിന്റെ സംവിധായകൻ,

ഇങ്ങനെ കൈവെച്ച മേഖലകളിലെല്ലാം പൊന്നുവിളയിച്ച ചലച്ചിത്ര പ്രവർത്തകൻ കൂടിയാണ് ഇദ്ദേഹം. മുൻ രാജ്യാന്തര വോളിബോൾ താരമായ മാണി സി കാപ്പൻ കായികരംഗത്തും തൻറെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

1956 മെയ് 30ന് പാലായിലെ പേരുകേട്ട തറവാടായ കാപ്പിൽ കുടുംബത്തിൽ സ്വാതന്ത്ര്യസമരസേനാനിയും മുൻ എംപിയും പാലായുടെ പ്രഥമ നഗരപിതാവുമായ ചെറിയാൻ ജെ കാപ്പന്റെ മകനായാണ് മാണി സി കാപ്പന്റെ ജനനം.

95 ൽ കോൺഗ്രസ് എസിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തി. പാലാ നഗരസഭ കൗൺസിലർ നാളികേര വികസന ബോർഡ് വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

പാലായിലെ പൊതുമണ്ഡലത്തിലെ സ്ഥിരം സൗമ്യ സാന്നിധ്യമായ മാണി സി കാപ്പന് രാഷ്ട്രീയത്തിനപ്പുറമുള്ള വ്യക്തി ബന്ധങ്ങളാണ് അധിക കരുത്താവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News