സംസ്ഥാന സര്‍ക്കാര്‍ നവോത്ഥാന ശ്രമങ്ങള്‍ ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ – ദളിത് മുന്നേറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകും വരെ നവോത്ഥാന ശ്രമങ്ങള്‍ ശക്തമായി തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് അയ്യന്‍കാളി ജയന്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവോത്ഥാന ശ്രമങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ നവോത്ഥാന ശ്രമങ്ങള്‍ ഒരു കാരണവശാലും ഉപേക്ഷിക്കില്ല. സ്ത്രീ – ദളിത് മുന്നേറ്റങ്ങള്‍ യാഥാര്‍ത്ഥ്യമാകും വരെ നവോത്ഥാന ശ്രമങ്ങള്‍ ശക്തമായി തന്നെ മുന്നോട്ട് കൊണ്ടു പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘കീഴാളരെന്ന് വരേണ്യ വര്‍ഗം വിളിക്കുന്നവരുടെ അവസാനത്തെ വ്യക്തിവരെ മോചിതനാകും വരെ, സ്ത്രീയെ പുരുഷ മേധാവിത്വം ചവിട്ടി താഴ്ത്തുന്നത് പൂര്‍ണമായി അവസാനിക്കുന്നതു വരെയും നവോത്ഥാനം തുടരും. അപ്പോള്‍ മാത്രമെ പൂര്‍ത്തിയാകാതെ പോയ നവോത്ഥാനം പൂര്‍ത്തിയാകു’. മുഖ്യമന്ത്രി പറഞ്ഞു.

കാലം മുന്നോട്ട് പോകും തോറും പൊടിപിടിച്ച് കിടന്ന പല അനാചാരങ്ങളും തലപൊക്കും. കെവിന്റെ ദുരഭിമാനക്കാല ഇത് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് നവോത്ഥാനം തുടരേണ്ടതിന്റെ ആവശ്യകത കൂടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ അറിയിച്ചു. കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന്‍, എം.എം ഹസന്‍ തുടങ്ങിയവരും സംസാരിച്ചു.