നികുതി ഘടനയിൽ മാറ്റം വരുത്താൻ പ്രത്യക്ഷ നികുതി കർമ സമിതിയുടെ ശുപാർശ. രണ്ടര ലക്ഷം മുതൽ പത്ത് ലക്ഷം വരെയുള്ളവർക്ക് 10 ശതമാനം നികുതിക്കാണ് ശുപാർശ.

ധനമന്ത്രിക്ക് നൽകിയ ശുപാർശയിൽ വാർഷിക വരുമാനം പത്ത് ലക്ഷം മുതൽ 20 ലക്ഷം വരെയുള്ളവർക്ക് 20 ശതമാനം നികുതിക്കും നിർദ്ദേശിക്കുന്നുണ്ട്.

നിലവിൽ 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 5 ശതമാനവും
അഞ്ചുലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയ്ക്ക് വരുമാനമുള്ളവർക്ക് 20 ശതമാനവമാണ് നികുതി നിരക്ക്.

എന്നാൽ 2.5 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതിക്കാണ് കർമ സമിതിയുടെ ശുപാർശ.

10 ലക്ഷം മുതൽ 20 ലക്ഷം വരെയുള്ളവർക്ക് 20 ശതമാനം നികുതിക്കും 20 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനം നികുതിക്കും ശുപാർശ ചെയ്യുന്നു.

നിലവിൽ 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 30 ശതമാനമാണ് നികുതി. 20 ലക്ഷം മുതൽ രണ്ട് കോടി രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് 30 ശതമാനം നികുതി നിർദേശിക്കുമ്പോൾ രണ്ട് കോടിക്ക് മുകളിൽ വരുമാനമുള്ളവർക്ക് 35 ശതമാനം നികുതി ചുമത്തണമെന്നും സമിതി ശുപാർശ ചെയ്യുന്നു.

നിലവിലെ നികുതി ഘടന പൂർണമായും മാറ്റിക്കൊണ്ടുള്ള ശുപാർശ ഈ മാസം 19നാണ് ധനമന്ത്രി നിർമല സീതാരാമന് കൈമാറിയത്. എന്നാൽ നിർദേശങ്ങളിൽ കേന്ദ്ര സർക്കാർ ഇതുവരെയും നിലപാട് കൈക്കൊണ്ടിട്ടില്ല