ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയ്ക്ക് ഇന്ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും. തലസ്ഥാനത്തെത്തിയ ഇരു ടീമുകളും സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. സീനിയര്‍ ടീമുകളില്‍ കളിച്ച പ്രമുഖ കളിക്കാര്‍ ഇരു ടീമുകളിലുമുണ്ട്.

തലസ്ഥാനം വീണ്ടും ക്രിക്കറ്റ് ആവേശത്തിലെക്ക് കടക്കുകയാണ് ഇന്ന് മുതൽ. അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുമടങ്ങുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ക്രിക്കറ്റ് പരമ്പരയ്ക്കാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകുന്നത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും ക‍ഴിഞ്ഞ ദിവസം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി.

രാവിലെ ഒന്‍പതിന് തുടങ്ങുന്ന മത്സരം കാണുന്നതിനായി രാവിലെ 8.30 മുതല്‍ സ്പോര്‍ട്ട്സ് ഹബ്ബിലേക്ക് കാണികള്‍ക്ക് പ്രവേശിക്കാം. പ്രവേശനം സൗജന്യമാണ്. മനീഷ് പാണ്ഡെ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാസംസണ്‍ ഇന്ന് ഇറങ്ങില്ല. സെപ്റ്റംബര്‍ നാലിനും ആറിനും നടക്കുന്ന നാലാമത്തെയും അഞ്ചാമത്തെയും ഏകദിന മത്സരങ്ങളിലാകും സഞ്ജു കളിക്കുക.

ടെംബ ബാവുമ നയിക്കുന്ന ദക്ഷിണാഫ്രിക്ക എ ടീം നിലവിലെ പോരായ്മകൾ, ഒപ്പം മികച്ച കളിക്കാരായ എ.ബി ഡിവില്ലി‍ഴ്സ് ഉൾപ്പെടെയുള്ളവരുടെ ഒ‍ഴിവ് എന്നിവ നികത്താനുള്ള ശ്രമത്തിലാണ്.ഇരു ടീമുകളിലെ കളിക്കാർക്കും ഇൗ പരമ്പര സീനിയർ ടീമിലെക്കുള്ള പ്രവേശനത്തിനുള്ള പോരാട്ടം കൂടിയാണിത്.