പ്രിയതാരത്തെ നേരിട്ട് കാണണമെന്ന ആഗ്രഹം സഫലമായ സന്തോഷത്തിലാണ് കുരുന്നുകൾ. പനിനീർപ്പൂക്കളുമായി വരവേറ്റ വിദ്യാർത്ഥികൾക്ക് ഓണ സമ്മാനം നൽകിയാണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി അവരെ യാത്രയാക്കിയത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷന്റെ സഹായത്തോടെ പഠിക്കുന്ന പാലക്കാട്ടെ ആദിവാസി വിദ്യാർത്ഥികളാണ് ഷൂട്ടിംഗ് താരത്തെ നേരിട്ട് കാണാനെത്തിയത്.

കൈയ്യിൽ റോസാപ്പൂക്കളുമായാണ് വരിക്കാശ്ശേരി മനയിൽ അവരെത്തിയത്. ഓരോരുത്തരായി പൂക്കൾ പ്രീയ താരത്തിന് കൈമാറി. അട്ടപ്പാടി, നെല്ലിയാമ്പതി , മംഗലം ഡാം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള നൂറിലേറെ വിദ്യാർത്ഥികളാണ് ഷൂട്ടിംഗ് ലൊക്കേഷനിലെത്തി മമ്മൂട്ടിയെ കണ്ടത്. എല്ലാവരും വർഷങ്ങളായി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷന്റെ സഹായത്തോടെ പഠിക്കുന്നവർ. ഫോട്ടോയ്ക്ക് പോസ് ചെയ്തും ഓട്ടോഗ്രാഫ് നൽകിയും വിശേഷങ്ങൾ തിരക്കിയും സമയം ചിലവഴിച്ച ശേഷം വിദ്യാർത്ഥികൾക്ക് ഓണസമ്മാനം നൽകിയാണ് മമ്മൂട്ടി യാത്രയാക്കിയത്. കരുതലോടെ എന്നും കൂടെയുള്ള താരത്തെ നേരിട്ട് കാണണമെന്ന കുട്ടികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായത്.

വരിക്കാശേരി മനയും സിനിമാ ചിത്രീകരണവും കുട്ടികൾ നേരിട്ട് കണ്ടു. പത്ത് വർഷം മുമ്പ് രൂപീകരിച്ച ഫൗണ്ടേഷൻ 6 വർഷമായി പാലക്കാട്ടെ ആദിവാസി മേഖലകളിൽ പഠനോപകരണ വിതരണം, പി എസ് സി കോച്ചിങ്, ലൈബ്രറി, വിദഗ്ദ്ധ ചികിത്സ ഉൾപ്പെടെയുള്ള സഹായങ്ങളെത്തിക്കുന്നുണ്ട്. വനം വകുപ്പുദ്യോഗസ്ഥരും, അധ്യാപകരും, സിനിമാ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.